പുനലൂർ: കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇൻജക്ഷൻ എടുത്തവർക്ക് അസ്വസ്ഥത. രാത്രി 9.30 ഓടെയായിരുന്നു സംഭവം. മൂന്ന് കുട്ടികൾ അടക്കം 11 പേർക്കാണ് അസ്വസ്ഥത തോന്നിയത്. കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.
അസ്വസ്ഥത തോന്നിയ മുതിർന്ന 8 പേരെ താലൂക്ക് ആശുപത്രിയിലെ ഐസിയുവിലേക്കും മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിലേക്ക് മാറ്റിയതെന്നും ഡോക്ടർമാർ അറിയിച്ചു.
പേവാർഡിൽ ചികിത്സയിലുണ്ടായിരുന്നവർക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. രാത്രി എട്ടരയ്ക്ക് നഴ്‌സിംഗ് ജീവനക്കാർ റൗണ്ട്‌സിന് വന്ന് ഇൻജക്ഷൻ നൽകി മടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് എല്ലാവർക്കും അസ്വസ്ഥത തോന്നിയത്. ശരീരം വിറയ്ക്കുകയും തണുപ്പ് അനുഭവപ്പെടുകയുമായിരുന്നു. ആദ്യം മുതിർന്നവർക്കും പിന്നീട് കുട്ടികൾക്കുമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.
എന്താണ് ഇതിന് കാരണമെന്ന് വ്യക്തമായിട്ടില്ല. ഇൻജക്ഷൻ നൽകിയ മരുന്നിലെ അനുപാതത്തിന്റെ വ്യത്യാസമോ മിക്‌സിംഗിലെ തകരാറോ ആകാമെന്നാണ് ലഭിക്കുന്ന വിവരം. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസ് ലഭ്യമാക്കാഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അതിന് ശേഷം മാത്രമേ കാരണം ഉറപ്പിക്കാനാകൂവെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
Discussion about this post