കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിക്കുന്ന എൻഎസ്എസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മതസാമുദായിക ധ്രുവീകരണത്തിനാണ് എൻഎസ്എസ് ശ്രമിക്കുന്നത് എന്ന് മന്ത്രി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.
സ്പീക്കർ പറഞ്ഞ കാര്യം എന്താണെന്ന് എല്ലാവർക്കും വളരെ വ്യക്തമാണ്. സ്പീക്കർ മത വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഇതിൽ യാതൊരു സംശയവും ഇല്ല. ഇക്കാര്യം പാർട്ടി സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്. പരാമർശത്തിന്റെ പേരിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണ് തുടരുന്നതെന്നും റിയാസ് വ്യക്തമാക്കി.
വളരെ ബോധപൂർവ്വം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിൽ സാമുദായിക മത ധ്രുവീകരണം നടത്താനുള്ള നീക്കങ്ങൾ നടക്കുന്നു. ഇതെല്ലാവർക്കും അറിയുന്ന കാര്യമാണ്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ ഈ വിവാദങ്ങൾ ഒന്നും ഉയരില്ലായിരുന്നു. ഗണപതി മിത്താണെന്ന് പറഞ്ഞത് ആരും തിരുത്തിയിട്ടില്ലെന്നും റിയാസ് പ്രതികരിച്ചു.
Discussion about this post