തിരുവനന്തപുരം: ഗണപതിയും ഹിന്ദു വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ തീരുമാനിച്ച് എൻഎസ്എസ്. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്ത് ഇറങ്ങാനാണ് എൻഎസ്എസിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കായി എൻഎസ്എസ് നാളെ ഡയറക്ടർ ബോർഡ് യോഗം ചേരും.
പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ഉറച്ച നിലപാടിലാണ് എൻഎസ്എസ്. ഇതേ തുടർന്നാണ് പ്രത്യക്ഷ പ്രതിഷേധമുറകളുമായി സംഘടന രംഗത്ത് ഇറങ്ങുന്നത്. പരാമർശത്തിന് പിന്നാലെ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് പലകുറി ആവർത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം സ്പീക്കർക്കെതിരെ നാമജപ യാത്ര നടത്തി എൻഎസ്എസ് പ്രതിഷേധിച്ചിരുന്നു. ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ സമാന രീതിയിലുള്ള പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് സംഘടന വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ സമാധാന പരമായി നടത്തിയ പ്രതിഷേധത്തിൽ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇതും പ്രതിഷേധവുമായി മുന്നോട്ട് പോകാൻ സംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഷംസീറിനെതിരെ നിയമ നടപടി സ്വീകരിക്കാനും ആലോചനയുണ്ട്.
Discussion about this post