ഇടുക്കി : നെടുങ്കണ്ടത്ത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇവർ തൂവൽ വെള്ളച്ചാട്ടത്തിലെത്തിയത്.
വെള്ളച്ചാട്ടത്തിന് സമീപത്ത് ഇരുവരും എത്തിയ ബൈക്കും ചെരുപ്പും കണ്ടെത്തിയിരുന്നു. ഇതാണ് ഇവർ അപകടത്തിപ്പെട്ടെന്ന് സംയിക്കാൻ കാരണമായത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ രാത്രി 11 മണിയോടെ ആദ്യ മൃതദേഹം കണ്ടെത്തി. വീണ്ടും ഒരു മണിക്കൂറോളം നടത്തിയ തിരച്ചിലിൽ രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി. കാൽ തെന്നി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച വൈകീട്ട് മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ സഞ്ചരിച്ച ബൈക്ക് തൂവൽ വെള്ളച്ചാട്ടത്തിനു സമീപം കണ്ടത്. നെടുങ്കണ്ടം എം.ഇ.എസ്. കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് സെബിൻ സജി. അനില കല്ലാർ ഗവൺമെന്റ് സ്‌കൂളിൽ പ്ലസ്വൺ വിദ്യാർഥിനിയുമാണ്.
Discussion about this post