ലണ്ടൻ: ഒരിടവേളക്ക് ശേഷം വീണ്ടും ഭീഷണി ഉയർത്തി ബ്രിട്ടണിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അതിവേഗം പടർന്നു പിടിക്കുന്ന ഇറിസ് വകഭേദമാണ് ബ്രിട്ടണിൽ വ്യാപകമാകുന്നത്. ജൂലൈ 31നാണ് EG.5.1 എന്ന പുതിയ വകഭേദം സ്ഥിരീകരിച്ചത്.
ബ്രിട്ടണിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകരാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പിന്തുടരണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ശ്വാസതടസവും പനിയുമായെത്തി കൊവിഡ് പരിശോധന നടത്തിയവരിൽ 5.4 ശതമാനം പേർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ബ്രിട്ടൺ വീണ്ടും രോഗപ്രതിരോധ മാർഗങ്ങൾ ശക്തമാക്കിയത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം 1.17 ശതമാനത്തിൽ നിന്ന് 1.97 ശതമാനമായി വർദ്ധിച്ചു. പുതിയതായി കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ ഏഴിൽ ഒരാൾക്കും ഇറിസ് വകഭേദമാണ് എന്നാണ് റിപ്പോർട്ട്. ബ്രിട്ടണ് പുറമേ ഏഷ്യൻ രാജ്യങ്ങളിലും ലോകത്താകമാനവും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജാഗ്രത പാലിക്കാൻ ലോകാരോഗ്യ സംഘടന നിർദേശം നൽകിയിരിക്കുന്നത്.
ബ്രിട്ടണിൽ കൊവിഡ് ബാധിച്ച് ചികിത്സ തേടുന്ന പ്രായമായവരുടെ എണ്ണത്തിലും വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങളുള്ളവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. പുതിയ വൈറസ് വകഭേദത്തിന്റെ വ്യാപനം നിരീക്ഷിച്ചു വരികയാണെന്നും ഇതിനെ പ്രതിരോധിക്കാൻ നിലവിലുള്ള വാക്സിനുകൾ പര്യാപ്തമാണ് എന്നാണ് കരുതുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
Discussion about this post