ജയ്പൂർ: പ്രായപൂർത്തിയായ മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിയെ ആറുമാസം തടവിന് ശിക്ഷിച്ച് പോക്‌സോ അതിവേഗ കോടതി. രാജസ്ഥാനിലെ അജ്‌മേറിലാണ് സംഭവം. ആറുമാസം തടവും പതിനായിരം രൂപ പിഴയുമാണ് യുവതിയ്ക്ക് കോടതി വിധിച്ചത്.
2021 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുത്തശ്ശിക്കൊപ്പം കന്നുകാലികളെ മേയ്ക്കാൻ പോയ മകളെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു പരാതി. മകളെ വലിച്ചിഴച്ച് മരത്തിന് സമീരത്തുവച്ച് പീഡിപ്പിച്ചെന്നും മുത്തശ്ശിയെത്തിയപ്പോഴേക്കും അവർ ഓടിരക്ഷപ്പെട്ടെന്നുമായിരുന്നു ആരോപണം. തുടർന്ന് പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടെയാണ് തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും തന്റെ അച്ഛനെതിരേ കേസ് കൊടുത്തതിനാണ് രണ്ടുപേർക്കെതിരേ അമ്മ പീഡനപരാതി നൽകിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. തന്റെ ഭർത്താവിനെതിരെ മോഷണക്കുറ്റം ചുമത്തി കേസ് കൊടുത്തതിലുള്ള വൈരാഗ്യത്തിലാണ് യുവതി വ്യാജ പോക്‌സോ കേസ് നൽകിയത്. മജിസ്‌ട്രേറ്റിന് മുമ്പിലും പെൺകുട്ടി മൊഴി ആവർത്തിച്ചതോടെ അമ്മയ്ക്ക് നോട്ടീസ് അയയ്ക്കുകയും അവർ കുറ്റം സമ്മതിക്കുകയുമായിരുന്നു.
തുടർന്ന് വ്യാജ പരാതി നൽകിയതിന് പെൺകുട്ടിക്കെതിരെ കേസെടുക്കുകയായിരുന്നു. ഇത്തരം വ്യാജ പീഡനക്കേസുകൾ കാരണം യഥാർത്ഥ സംഭവങ്ങളെപ്പോലും സംശയത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നതെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post