ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്‌റ്റേഷനുകളുടെ നവീകരണത്തിനായി 25000 കോടിയുടെ വികസന പദ്ധതിക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. ഈ പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളും തിരഞ്ഞെടുത്തിട്ടുണ്ട്. പയ്യന്നൂർ, കാസർകോട്, വടകര, തിരൂർ, ഷൊർണൂർ സ്റ്റേഷനുകളാണ് കേരളത്തിൽ നിന്നും ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തിരിക്കുന്നത്.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 1300 ഓളം സ്‌റ്റേഷനുകൾ ആധുനിക രീതിയിൽ വികസിപ്പിച്ചെടുക്കും. തറക്കല്ലിട്ട 508 സ്റ്റേഷനുകളിൽ ഇന്ന് വികസന പ്രവർത്തനങ്ങൾ ആരംഭിക്കും. പാലക്കാട് ഡിവിഷനിൽ കാസർകോട്, പയ്യന്നൂർ, വടകര, തിരൂർ, ഷൊർണൂർ, മംഗലാപുരം സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. തിരുവനന്തപുരം ഡിവിഷനിൽ നാഗർകോവിൽ സ്റ്റേഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 വീതവും, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും, ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും, ബിഹാറിൽ 49, മഹാരാഷ്ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22, ജാർഖണ്ഡിൽ 20, ഹരിയാനയിൽ 15, കർണാടകയിൽ 13, എന്നിങ്ങനെ 508 സ്റ്റേഷനുകളിൽ ആദ്യഘട്ടത്തിൽ നവീകരണം നടക്കും. 24,470 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്.
പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, പാർക്കിങ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ, വിവരവിനിമയസംവിധാനം എന്നിവ നിർമ്മിക്കും. പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, കൂടുതൽ ഇരിപ്പിടങ്ങൾ സ്ഥാപിക്കൽ, സ്റ്റേഷനിലേക്ക് പുതിയ റോഡ് നിർമ്മിക്കൽ എന്നിവയും ഇതിൽ ഉൾപ്പെടും
അടുത്ത ഘട്ടങ്ങളിലായി ദക്ഷിണ റെയിൽവേയിലെ 93 സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തെ 1275 സ്റ്റേഷനുകൾ നവീകരിക്കും. കേരളത്തിലെ 27 സ്റ്റേഷനുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.













Discussion about this post