കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കണമെന്ന പ്രചരണം ശക്തി പ്രാപിക്കുന്നു. വിശുദ്ധപദവി സംബന്ധിച്ച് ഡിസിസി നടത്തിയ അനുസ്മരണച്ചടങ്ങിലും ചർച്ചയുണ്ടായി. പ്രതിപക്ഷ നേതാവ് വിഡി സതീശനും വിവിധ സഭാ നേതൃത്വങ്ങളും മുൻ കോൺഗ്രസ് നേതാവ് കൂടിയായ ഉമ്മൻചാണ്ടിയുടെ വിശുദ്ധ പദവി സംബന്ധിച്ചുള്ള തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളുടെ മനസിൽ ഉമ്മൻചാണ്ടിയൊരു പുണ്യാളനായിക്കഴിഞ്ഞുവെന്ന് വിഡി സതീശൻ പറഞ്ഞു. പുരോഹിതന്മാരെ മാത്രം പുണ്യാളനാക്കുന്നതാണ് ഓർത്തഡോക്‌സ് സഭയുടെ രീതി. ഈ രീതി ഓർത്തഡോക്‌സ് സഭ മറികടക്കണമെന്നായിരുന്നു റോ മലബാർ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ പ്രതികരണം. ഉമ്മൻചാണ്ടിയുടെ വിശുദ്ധപദവിയുടെ കാര്യത്തിൽ താൻ നിസ്സഹയനാണെന്നും ആലേഞ്ചരി പറഞ്ഞു.
ഓർത്തഡോക്‌സ് സഭയിൽ കേരളത്തിൽ മാത്രമേ വിശ്വാസികളെ വിശുദ്ധരായി പ്രഖ്യാപിക്കാതായിട്ടുള്ളു എന്നായിരുന്നു ഓർത്തഡോക്‌സ് സഭ അങ്കമാലി ഭദ്രാസന്നാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പസ് വ്യക്തമാക്കിയത്. സ്‌നേഹത്തിന്റെ കൈവിളക്കായി നടന്ന മനുഷ്യനെ പരിശുദ്ധനായി പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടതില്ലെന്നായിരുന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അതേസമയം ഉമ്മൻചാണ്ടിയെ ആരാധിക്കുന്നത് ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Discussion about this post