ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മക്കെതിരായ വിദ്വേഷ പ്രസംഗ കേസിൽ എഫ് ഐ ആർ റദ്ദാക്കി ഗുവാഹട്ടി ഹൈക്കോടതി. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള കീഴ്ക്കോടതി നിർദ്ദേശത്തെ ഹൈക്കോടതി അസാധുവാക്കുകയും ചെയ്തു. 2021 സെപ്റ്റംബർ മാസത്തിലെ സിപാഝാർ ഒഴിപ്പിക്കൽ നടപടിക്കിടെ നടന്ന അക്രമങ്ങളെ കുറിച്ച് ശർമ്മ നടത്തിയ പരാമർശങ്ങൾ മതസൗഹാർദ്ദം തകർത്തു എന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഒഴിപ്പിക്കൽ നടപടിക്കിടെ നടന്ന അക്രമങ്ങൾ പകപോക്കലായിരുന്നു എന്ന് മോറിഗാവ് ജില്ലയിൽ നടത്തിയ പ്രസംഗത്തിൽ ശർമ്മ പരാമർശിച്ചിരുന്നു. ഇത് വിദ്വേഷ പ്രസംഗമായിരുന്നു എന്നായിരുന്നു ആരോപണം.
ശർമ്മയുടെ പ്രസംഗത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല എന്ന പോലീസ് റിപ്പോർട്ടോ ശർമ്മയുടെ ഭാഗം വിശദീകരിച്ചു കൊണ്ടുള്ള പ്രസ്താവനയോ പരിഗണിക്കാതെ ധൃതി പിടിച്ചായിരുന്നു കീഴ്ക്കോടതി എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്ന് ഹൈക്കോടതി വിമർശിച്ചു. ഹിമന്ത ബിശ്വ ശർമ്മയ്ക്കെതിരെ ബാർപേട്ട മണ്ഡലത്തിലെ കോൺഗ്രസ് എം പി അബ്ദുൾ ഖലേഖ് ആയിരുന്നു കോടതിയെ സമീപിച്ചത്.
Discussion about this post