തിരുവനന്തപുരം: ഗണപതി മിത്താണെന്ന പരാമർശത്തെ തുടർന്ന് ഹൈന്ദവ വിശ്വാസികളിലുണ്ടായ പ്രതിഷേധം തണുപ്പിക്കാനുള്ള സ്പീക്കർ എ.എൻ ഷംസീറിന്റെ കുറുക്കുബുദ്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ‘മിത്തിനെ മുത്താക്കാൻ’ എന്തിന് ലക്ഷങ്ങൾ ഷംസീറേ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനമെന്ന് വി. മുരളീധരൻ ഫേസ്ബുക്കിൽ മറുപടി നൽകി.
ഗണപതി ഭഗവാനെ അവഹേളിച്ചതിന് മാപ്പ് പറയണമെന്ന് എൻഎസ്എസ് ഉൾപ്പെടെയുളള ഹൈന്ദവ സമുദായ സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും സ്പീക്കർ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല. മാപ്പ് പറയില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നുമുളള നിലപാടിലാണ് സ്പീക്കർ. വിവാദം ഏറ്റുപിടിച്ച് സിപിഎം നേതാക്കളും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് സ്വന്തം മണ്ഡലത്തിലെ ഗണപതി ക്ഷേത്രക്കുളം നവീകരിക്കാൻ തുക അനുവദിച്ച് ഭരണാനുമതി നൽകിയ കാര്യം ഷംസീർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തലശ്ശേരി കോടിയേരി കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചുവെന്നാണ് സ്പീക്കർ അറിയിച്ചത്. വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനുളള ഷംസീറിന്റെ കുറുക്കുബുദ്ധിയാണ് ഇതിന്റെ പിന്നിലെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലായിരുന്നു വി. മുരളീധരന്റെ പ്രതികരണം.
ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെയെന്നും വി. മുരളീധരൻ കുറിച്ചു.
കുന്നത്തുനാട് മണ്ഡലത്തിൽ കുട്ടികൾക്കായി വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഷംസീർ ഗണപതി ഉൾപ്പെടെയുളള ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചത്. ഹൈന്ദവ ദൈവങ്ങൾ മിത്തുകളാണെന്നും ശാസ്ത്രമാണ് കുട്ടികൾ പഠിക്കേണ്ടതെന്നുമായിരുന്നു ഷംസീറിന്റെ വാക്കുകൾ.
Discussion about this post