തിരുവനന്തപുരം : എല്ലാ വിശ്വാസങ്ങളെയും ഇടതുപക്ഷ മുന്നണി ബഹുമാനിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾ ധാരാളമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ജാഗ്രതയോടെ മാത്രമേ പരാമർശങ്ങൾ നടത്താവൂ എന്ന് പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് പാർലമെൻററി പാർട്ടിയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.
നമുക്കൊപ്പം തന്നെ നിരവധി വിശ്വാസികളുണ്ട്. വിശ്വാസികൾ ധാരാളം പേരുള്ള സമൂഹത്തിലാണ് നാമിന്ന് ജീവിക്കുന്നത്. പറയുന്ന കാര്യങ്ങൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ സാധ്യതയുള്ള കാലമാണിത്. അക്കാര്യത്തിൽ ജാഗ്രതയുണ്ടാകണമെന്നും പിണറായി വിജയൻ പറഞ്ഞു. സ്പീക്കർ എഎൻ ഷംസീറിന്റെ മിത്ത് പരാമർശം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം സംഭവത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
മിത്ത് വിവാദം നിയമസഭയിൽ ആളിക്കത്തിക്കേണ്ടെന്നാണ് യുഡിഎഫിൻറെ നിലപാട്. എന്നാൽ ഇത് യുഡിഎഫും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ഗണപതി അവഹേളനം നടത്തിയ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിഷേധിക്കാതെ യുഡിഎഫ് സിപിഎമ്മുമായി ചേർന്ന് പ്രശ്‌നം ഒത്തുതീർപ്പാക്കി. കാക്ക ചത്താൽ പോലും നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുന്ന പ്രതിപക്ഷം, ഗണപതിയെ സഭാനാഥൻ അധിക്ഷേപിച്ചിട്ടും നോട്ടീസ് കൊടുക്കാൻ തയ്യാറാവാത്തത് വോട്ട്ബാങ്ക് രാഷ്ട്രീയ താത്പര്യമുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post