ബംഗലൂരു: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദക്കെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിജയനഗർ ജില്ലയിലെ ഹാർപനഹള്ളിയിൽ നദ്ദ നടത്തിയ പ്രസംഗം ചട്ടലംഘനമായിരുന്നു എന്നായിരുന്നു കേസ്.
കേസ് റദ്ദാക്കണമെന്ന നദ്ദയുടെ അപേക്ഷ ജസ്റ്റിസ് എം നാഗപ്രസന്ന അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മെയ് 7ന് നടന്ന പ്രസംഗത്തിൽ കർണാടകയിൽ ഇരട്ട എഞ്ചിൻ സർക്കാരിന് വേണ്ടി വോട്ട് ചെയ്യാൻ നദ്ദ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നാൽ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ അതിവേഗം സംസ്ഥാനത്തിന് ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പരാതിയിൽ ഹാർപനഹള്ളി പോലീസ് കേസ് എടുക്കുകയായിരുന്നു.
നദ്ദയുടെ പ്രസംഗം വോട്ടർമാരെ സ്വാധീനിക്കുമെന്ന് കരുതാനാകില്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. കേസ് ഫയൽ ചെയ്തതുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന്റെ അനുമതി തേടിയതിലുണ്ടായ വീഴ്ചയും നദ്ദ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post