കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിശുദ്ധനാക്കി ഉയർത്തണമെന്ന കോൺഗ്രസ് ആവശ്യത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സമിതി അംഗം കെ അനിൽകുമാർ. ഉമ്മൻചാണ്ടി ചെയ്തതിനെക്കേൾ എത്രയോ മഹത്തരമായ കാര്യങ്ങൾ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിർവഹിച്ചുകഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇല്ലാത്ത വിശുദ്ധപദവി കേരളത്തിൽ മറ്റാർക്കുമുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്ന് അനിൽ കുമാർ കൂട്ടിച്ചേർത്തു.വിശ്വാസത്തെ ദുരുപയോഗം ചെയ്യാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എല്ലാ തിരഞ്ഞെടുപ്പും സിപിഎമ്മിന് രാഷ്ട്രീയ പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും പള്ളിയിൽ കബറിടത്തിൽ പന്തലുകെട്ടി ഇതുപോലെ പരിപാടി നടത്തുന്നത് കണ്ടിട്ടുണ്ടോ. കല്ലറയിൽ കുടുംബാംഗങ്ങൾ പോയി പ്രാർത്ഥിക്കുന്നതെല്ലാം കണ്ടിട്ടുണ്ട്. എന്നാൽ, കോൺഗ്രസിന്റെ വിവിധഘടകങ്ങൾ ഇവന്റ് മാനേജ്മെന്റ് രീതിയിൽ പരിപാടികൾ സംഘടിപ്പിക്കാൻ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉമ്മൻചാണ്ടിയുടെ 41-ാം ചരമദിവസം പുതുപ്പള്ളിയിലെ എല്ലാ ബൂത്തുകളിൽനിന്നും കബറിടത്തിലേക്ക് ജാഥയായി എത്തണമെന്നാണ് കോട്ടയം ഡിസിസി ഓഫീസിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്ത യോഗത്തിലെ തീരുമാനം. കൃത്യമായി വിശ്വാസത്തെ ദുരുപയോഗം ചെയ്യാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നു എന്നത് ഇതിലൂടെ വ്യക്തമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എറണാകുളത്ത് ഡിസിസി യോഗത്തിൽ ഉമ്മൻചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷനേതാവ് പറയുമ്പോൾ അതിൽ പങ്കെടുത്തയാളുകൾ കൈയടിക്കുന്നതാണ് കണ്ടത്. അനുശോചനയോഗത്തിൽ കൈയടിക്കുന്നത് നമ്മളാരും കണ്ടിട്ടില്ല. ഓരോ മരണത്തെയും കോൺഗ്രസ് ആഘോഷിക്കുകയാണ്. അതിന് രാഷ്ട്രീയമായി മറുപടി പറഞ്ഞ് മുന്നോട്ടുപോകണം. വിശ്വാസത്തെയും മതത്തെയും കൂട്ടിക്കലർത്തുന്ന ബിജെപിയെ അനുകരിക്കുന്ന കേരളത്തിലെ കോൺഗ്രസിന്റെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ നിരാകരിക്കുമെന്ന് അനിൽകുമാർ കൂട്ടിച്ചേർത്തു.
ഇലെ പ്രതിപക്ഷ നേതാവിന് തുറന്ന കത്ത് എന്ന് പറഞ്ഞ് കെ അനിൽ കുമാർ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്താണ് ഉമ്മൻ ചാണ്ടിയുടെ കീഴിലെ കോൺഗ്രസ് മീനടം അവറാമിയെന്ന കമ്മ്യൂണിസ്റ്റിനെ കൊലപ്പെടുത്തിയത്. രക്തസാക്ഷിത്വമല്ലേ വിശുദ്ധതയായി നാം കാണുന്നത്. കൊലയാളികൾക്കൊപ്പം നിന്ന ഒരാൾ എങ്ങനെ ഭൂമിയിലും സ്വർഗത്തിലും അല്ലെങ്കിൽ നരകത്തിലും വിശുദ്ധനാകും. ഗ്രൂപ്പുവഴക്കിൽ ഇതേ പുതുപ്പള്ളിയിൽ ഒരു കോൺഗ്രസ് ഐ ഗ്രൂപ്പുകാരനെ എ ഗ്രൂപ്പുകാർ കൊന്നില്ലേ. പയ്യപ്പാടിയിൽ. കോൺഗ്രസിനായി കൊല്ലപ്പെട്ട ഒരു കോൺഗ്രസുകാരന് ലഭിക്കാത്ത വിശുദ്ധപദവി കൊലയാളികളുടെ രക്ഷകർത്താവിന് എങ്ങനെ ലഭിക്കാനാണെന്നായിരുന്നു അനിൽ കുമാറിന്റെ ചോദ്യം.
Discussion about this post