രാരിച്ചൻ എന്ന പൗരനായിരുന്നു സിദ്ദിഖ് ആദ്യം കണ്ട സിനിമ. തൃപ്പൂണിത്തുറയിൽ അമ്മ വീട്ടിൽ പോയപ്പോൾ സെൻട്രൽ തിയറ്ററിലായിരുന്നു ആദ്യ സിനിമ കാഴ്ച്ച. കണ്ട സിനിമയേതെന്ന് സിദ്ദിഖിന് ഓർമയുണ്ടായിരുന്നില്ല.. ഒരു ദൃശ്യം മാത്രം ഓർത്തുവച്ചു. ഒരു കാളവണ്ടിക്ക് പിന്നാലെ പോകുന്ന ഒരു കൗമാരക്കാരൻ പയ്യനെ .. പിന്നീട് ഫാസിലിന്റെ സഹായിയായി നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമ ചെയ്യുന്നതിനിടയിലായിരുന്നു ആ പയ്യൻ സിദ്ദിഖിനു മുന്നിലെത്തിയത്. സിനിമയുടെ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പി.എ ലത്തീഫ്. സിനിമ രാരിച്ചൻ എന്ന പൗരൻ..
ഇടവേളകളിൽ കിട്ടുന്ന മധുരപാനീയം അകത്താക്കാനായിരുന്നു ആദ്യം സിനിമകൾക്ക് പോയിരുന്നത്.. പിന്നീട് ഭക്ത കുചേലയും കൃഷ്ണ കുചേലയും കണ്ടിഷ്ടമായി.. കുസൃതിക്കാരനായ ഉണ്ണിക്കണ്ണനെയായിരുന്നു ഏറെയിഷ്ടപ്പെട്ടത്. അത് പിന്നെ സിനിമാക്കഥകളിലേക്കായി.. നിരന്തരം സിനിമ കാണലായി.. സിനിമ ഒരു ഭ്രാന്തായി.. അങ്ങനെയങ്ങനെ സിദ്ദിഖ് എന്ന സൂപ്പർ ഹിറ്റ് സംവിധായകൻ പിറവിയെടുത്തു..
മലയാളത്തിൽ ഒത്തിരി കരയിപ്പിച്ചും ഏറെ ചിരിപ്പിച്ചും ഇതുപോലെ സിനിമകളെടുത്ത മറ്റൊരു സംവിധായകനുണ്ടോ എന്ന് സംശയമാണ്. എല്ലാ ചിരികൾക്കിടയിലും ഹൃദയസ്പർശിയായ കണ്ണ് നനയിക്കുന്ന കഥാ സന്ദർഭങ്ങളും മുഹൂർത്തങ്ങളും ഒരുക്കിയിട്ടുണ്ടാകും. ജോലി കിട്ടാൻ കഷ്ടപ്പെടുന്ന യുവാക്കളുടെ പ്രതിനിധികളും ഒരു ജോലിയുമില്ലാതെ കളിച്ച് നടക്കുന്ന യുവാക്കളും ആ സിനിമയിലുണ്ടാകും.. പെങ്ങന്മാരെ പൊന്നേ പോലെ സ്നേഹിക്കുന്ന ആങ്ങളയും പെൺകുട്ടികളെ കമന്റടിച്ച് നടക്കുന്ന പൂവാലന്മാരും കഥാപാത്രങ്ങളാകും.. അത്യപൂർവ്വമായ സൗഹൃദങ്ങളും കഥയുടെ ഭാഗമാകും. പ്രേക്ഷകനെ കുടുകുടാ ചിരിപ്പിക്കുന്ന സൂപ്പർ ഹിറ്റ് കോമഡികളും..
നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖും ലാലും ചേർന്നായിരുന്നു. അയാൾ കഥയെഴുതുകയാണ് സിനിമയുടെ കഥ ഒറ്റയ്ക്കും. സംവിധാനം ചെയ്ത മിക്ക സിനിമകളിലേയും സംഭാഷണങ്ങളും സിദ്ദിഖിന്റേത് തന്നെ. ഇൻ ഹരിഹർ നഗർ സിനിമ ആദ്യം പുറത്ത് വന്നപ്പോൾ ഇതെന്ത് സിനിമയാണെന്ന് പലരും ചോദിച്ചിരുന്നു. അപ്പോൾ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞൊരാളെ സിദ്ദിഖ് ഓർമ്മക്കുറിപ്പുകളിൽ എടുത്തു പറഞ്ഞിരുന്നു. അത് കൊച്ചിൻ ഹനീഫയായിരുന്നു. ഹനീഫ അന്ന് തിയറ്റർ കിടുങ്ങുമാറ് ചിരിച്ചെന്ന് സിദ്ദിഖ് ഓർക്കുന്നു. ഈ സിനിമ മലയാള സിനിമയിലെ നാഴികക്കല്ലാകും.. ഇത് സൂപ്പർ ഹിറ്റാകും .. എന്ന് ഹനീഫ പറഞ്ഞു. ഹനീഫയുടെ നാവ് പൊന്നാകുകയും ചെയ്തു. പിന്നീട് സിദ്ദിഖിനു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
മലയാള സിനിമ അനശ്വരമാണെങ്കിൽ സിദ്ദിഖിന്റെ സിനിമകളും മരണമില്ലാത്തതാണ്. ലാലിനൊപ്പം ചേർന്നെഴുതിയ രസകരമായ സംഭാഷണങ്ങൾ ആർക്കാണ് മറക്കാനാകുക. സിദ്ദിഖ് സിനിമകളിലെ കോമഡി ഡയലോഗുകൾ ഒരിക്കലെങ്കിലും പറയാത്ത മലയാളികൾ ഉണ്ടാകുമോ ? ലാലിനൊപ്പം ചേർന്ന് അഞ്ച് ചിത്രങ്ങളും ഒറ്റയ്ക്ക് എട്ട് ചിത്രങ്ങളും സിദ്ദിഖ് സംവിധാനം ചെയ്തു. ഇവയിൽ മിക്കതും സൂപ്പർ ഹിറ്റുകളുമായി. റാം ജിറാവ് സ്പീക്കിംഗ്, ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ , വിയറ്റ്നാം കോളനി, കാബൂളിവാല, ഹിറ്റ്ലർ, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലർ, ബോഡി ഗാർഡ്, ലേഡീസ് ആൻഡ് ജെന്റിൽ മാൻ, ഭാസ്കർ ദ റാസ്കൽ, ഫുക്രി, ബിഗ് ബ്രദർ.. ഏതാണ്ടെല്ലാം അസൂയപ്പെടുത്തുന്ന വിജയവും നേടി.
മലയാള സിനിമയിലെ ശ്രദ്ധേയമായ ഒരു യുഗത്തിലെ നിർണായക സാന്നിദ്ധ്യമായിരുന്നു സിദ്ദിഖ്. യുഗാന്ത്യങ്ങളുണ്ടാകുമ്പോൾ നമുക്ക് നഷ്ടമാകുന്നതും ഇത്തരം സാന്നിദ്ധ്യങ്ങളാണ്..













Discussion about this post