എറണാകുളം: അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിയോടെ എറണാകുളം സെൻട്രൽ ജുമാ മസ്ജിദിൽ ആകും ഖബറടക്കം. ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു മലയാള സിനിമയ്ക്ക് എണ്ണമറ്റ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിദ്ദിഖിന്റെ അപ്രതീക്ഷിത വിയോഗം.
അദ്ദേഹത്തിന്റെ ഭൗതികദേഹം ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്നും രാവിലെ എട്ട് മണിയോടെ ഭൗതികദേഹം വിലാപയാത്രയായി പൊതുദർശനത്തിനായി കടവന്ത്രയിൽ എത്തിക്കും. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലാണ് പൊതുദർശനം. സിനിമാ രംഗത്തും, അദ്ദേഹത്തിന്റെ ആരാധകർക്കും ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ടാകും. ഇൻഡോർ സ്‌റ്റേഡിയത്തിലെ പൊതുദർശനം അവസാനിച്ച ശേഷം ഭൗതികദേഹം വീണ്ടും വസതിയിലേക്ക് കൊണ്ടുപോകുമെന്നാണ് സൂചന. ബന്ധുക്കളും പ്രദേശവാസികളും ആദരാഞ്ജലി അർപ്പിച്ച ശേഷം വൈകീട്ട് ആറ് മണിയോടെ ഭൗതികദേഹം അന്ത്യകർമ്മങ്ങൾക്കായി മസ്ജിദിലേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും അദ്ദേഹത്തിന്റെ ഭൗതികദേഹം സംസ്കരിക്കുക.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു സിദ്ദിഖിന്റെ നിര്യാണം. കരൾ രോഗ ബാധിതനായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായി. ഇതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു തുടർന്നുള്ള മണിക്കൂറുകളിൽ സിദ്ദിഖിന്റെ ജീവൻ നിലനിർത്തിയിരുന്നത്. ചികിത്സയ്ക്കിടെ നിരവധി താരങ്ങളാണ് സിദ്ദിഖിനെ ആശുപത്രിയിൽ എത്തി കണ്ടത്.
Discussion about this post