തിരുവനന്തപുരം: നെയ്യാറ്റിൻകര കോടതിയിൽ പോലീസുകാരെ അഭിഭാഷകർ തടഞ്ഞുവച്ചു. കോടതിയ്ക്കുള്ളിൽവച്ച് അഭിഭാഷകരുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന് ആരോപിച്ചായിരുന്നു തടഞ്ഞുവച്ചത്. തുടർന്ന് ജില്ലാ ജഡ്ജി ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അഭിഭാഷകർ തമ്മിൽ സംസാരിക്കുമ്പോൾ ഫോണിൽ വീഡിയോ പകർത്തിയെന്നാണ് പോലീസുകാർക്കെതിരായ ആരോപണം. ഇതോടെ അഭിഭാഷകരുടെ സംഘം പോലീസുകാരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. ഇത് കയ്യാങ്കളിയിൽ അവസാനിക്കുമെന്ന ഘട്ടം എത്തിയതോടെയായിരുന്നു ജില്ലാ ജഡ്ജി ഇടപെട്ടത്. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജഡ്ജി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണ വിധേയരായ പോലീസുകാർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരുവർക്കും മെമ്മോ നൽകി.
ഇതിനിടെ ഇക്കാര്യം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമ പ്രവർത്തകന്റെ ഇരുചക്ര വാഹനത്തിന്റെ താക്കോൽ അഭിഭാഷകർ ഊരിയെടുത്തു. ഇത് ശക്തമായ പ്രതിഷേധത്തിന് വഴിവച്ചതോടെ ബാർ അസോസിയേഷൻ ഇടപെടുകയായിരുന്നു. തുടർന്ന് താക്കോൽ മാദ്ധ്യമ പ്രവർത്തകന് തിരികെ നൽകി.













Discussion about this post