ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അവഹേളിച്ച യുട്യൂബർക്കെതിരെ കേസ്. യൂട്യൂബർ ശ്യാം മീര സിംഗിനെതിരെയാണ് ഉത്തർപ്രദേശ് പോലീസ് കേസ് എടുത്തത്. സമൂഹമാദ്ധ്യമ ഉപയോക്താക്കളുടെ പരാതിയിലാണ് നടപടി.
ട്വിറ്ററിലൂടെയായിരുന്നു ശ്യാം മീര സിംഗ് യോഗിയെ അവഹേളിച്ചത്. രാഹുൽ ഗാന്ധിയെ വിവാഹം ചെയ്യാൻ തയ്യാറാണെന്ന് അടുത്തിടെ നടി ഷെർലിൻ ചോപ്ര വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ച് നടി യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കണമെന്ന് ശ്യാം ട്വീറ്റ് ചെയ്യുകയായിരുന്നു. ഈ ട്വീറ്റ് നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയായിരുന്നു പരാതി ഉയർന്നത്.
കർശന വകുപ്പുകൾ ചുമത്തിയാണ് ശ്യാമിനെതിരെ പോലീസ് കേസ് എടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ അറസ്റ്റുൾപ്പെടെ രേഖപ്പെടുത്തുമെന്നാണ് സൂചന. 25 കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ ശ്യാമിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം കേസ് എടുത്ത പോലീസ് നടപടി ചോദ്യം ചെയ്ത് ശ്യാം രംഗത്ത് എത്തി. ഒരു സ്ത്രീയ്ക്ക് അനുയോജ്യമായ വരനെ നിർദ്ദേശിച്ചതിനാണോ തനിക്ക് മേൽ കേസ് എടുത്തത് എന്ന് ശ്യാം ചോദിച്ചു. ജനവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് തനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. തന്റെ ട്വീറ്റിൽ എന്താണ് തെറ്റ് എന്ന് വ്യക്തമാകുന്നില്ലെന്നും ശ്യാം പ്രതികരിച്ചു.
Discussion about this post