ബെയ്രൂട്ട്: ഇംഗ്ലീഷ് ചിത്രം ബാർബിക്ക് ലെബനനിൽ പ്രദർശന വിലക്ക് ഏർപ്പെടുത്തി. ചിത്രം സ്വവർഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് തീരുമാനം.
ബാർബി എന്ന ചിത്രം സ്വവർഗ ലൈംഗികത പ്രോത്സാഹിപ്പിക്കുന്നു. ചിത്രം വിശ്വാസത്തെയും മതധാർമ്മികതയെയും ഹനിക്കുന്നതാണ്. അതിനാൽ ചിത്രത്തിന് രാജ്യത്ത് പ്രദർശന വിലക്ക് ഏർപ്പെടുത്തുകയാണെന്ന് ലെബനൻ സാംസ്കാരിക വകുപ്പ് മന്ത്രി മുഹമ്മദ് മൊർത്താദ അറിയിച്ചു. സിനിമയുടെ പ്രദർശനാനുമതി എത്രയും വേഗം പിൻവലിക്കാൻ ലെബനീസ് സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടതായും മൊർത്താദ വ്യക്തമാക്കി.
അതേസമയം കളക്ഷൻ ചാർട്ടുകളിൽ റെക്കോർഡുകൾ ഭേദിച്ച് ലോകമെമ്പാടും ബാർബി മുന്നേറുകയാണ്. ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹെയ്മറിനൊപ്പം റിലീസ് ചെയ്ത ചിത്രം ആദ്യ വാരം അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമായി 351 മില്ല്യൺ ഡോളറും ആകെ 775 മില്ല്യൺ ഡോളറും കളക്ട് ചെയ്തു എന്നാണ് റിപ്പോർട്ട്. ഗ്രെറ്റ ഗെർവിഗ് സംവിധാനം ചെയ്ത ചിത്രത്തിൽ മാർഗറ്റ് റോബിയും റയാൻ ഗോസ്ലിംഗുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post