ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന് മറുപടി പറയവെ തന്റെ പ്രസംഗം പൂർണമായും കേൾക്കാൻ നിൽക്കാതെ സഭയിൽ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷത്തിന്റെ നടപടി അസഹിഷ്ണുതയിൽ നിന്നും ഉടലെടുത്തതാണ്. പ്രതിപക്ഷത്തിന്റെ ഒളിച്ചോട്ടം സത്യത്തെ ഭയന്നിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലെന്നല്ല, രാജ്യത്ത് എവിടെയും കലാപം നടത്തുന്നവരെ വെറുതെ വിടില്ല. പ്രതിപക്ഷം സഭയിൽ ഭാരത മാതാവിനെ അപമാനിച്ചു. പ്രതിപക്ഷത്തിന്റെ പരാമർശം മാപ്പർഹിക്കാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പരാമർശങ്ങൾ രാഷ്ട്ര മനസിനെ വേദനിപ്പിച്ചിട്ടുണ്ട്. രാജ്യം മണിപ്പൂരിനൊപ്പമാണെന്ന് ഈ അവസരത്തിൽ പ്രധാനമന്ത്രി എന്ന നിലയിൽ താൻ ഊന്നിപ്പറയുന്നു. മണിപ്പൂരിലെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം രാജ്യമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ലങ്ക കത്തിച്ചത് അഹങ്കാരമാണ്, ഹനുമാനല്ലെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. ആ അഹങ്കാരമാണ് കോൺഗ്രസിനെ നാനൂറിൽ നിന്നും നാലിൽ എത്തിച്ചത്. ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസമുണ്ട്. 2024ൽ ബിജെപി സർക്കാർ റെക്കോർഡ് ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post