തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ കമ്പിപാര ഉപയോഗിച്ച് തലയ്ക്കടിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തൃശൂര്‍ ജില്ലയിലെ ചേറൂര്‍ കല്ലടിമൂലയിൽ പുലർച്ചയോടെയായിരുന്നു സംഭവം നടന്നത് . കൊല നടത്തിയതിന് ശേഷം പുലർച്ചെ ഒരുമണിയോടെ ഉണ്ണികൃഷ്ണന്‍ സ്വമേധയാ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പ്രതിയുമായി വീട്ടിലെത്തിയ പോലീസ് കണ്ടത് കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ചു കിടക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍റെ ഭാര്യ സുലിയെയാണ് . പോലീസ് എത്തിയ സമയത്താണ് വീട്ടിലുണ്ടായിരുന്ന മകന്‍ വിവരം അറിയുന്നത്. ചെറിയ അനക്കം ഉണ്ടായിരുന്ന സുലിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് കാരണം പ്രതിയുടെ സംശയരോഗമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വർഷങ്ങളായി ഉണ്ണികൃഷ്ണൻ വിദേശത്തായിരുന്നു ജോലി , മൂന്നു ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഒരു കോടിയോളം രൂപ ഇയാൾ ഭാര്യയ്ക്ക് അയച്ചു കൊടുത്തിരുന്നു. ഈ തുക അവരുടെ കയ്യിലുണ്ടായിരുന്നില്ല കൂടാതെ കടവും ഉണ്ടായിരുന്നു. ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി. ഉണ്ണികൃഷ്ണനും സുലിയും കല്ലടിമൂലയിലേക്ക് താമസം മാറിയിട്ട് അധികനാൾ ആയിട്ടില്ല. ഉണ്ണികൃഷ്ണന്റെ വീട് ഒറ്റപ്പെട്ട പ്രദേശത്തായതിനാൽ രാവിലെ പോലീസെത്തിയപ്പോഴാണ് കൊല നടന്ന വിവരം നാട്ടുകാര്‍ അറിയുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതിന് ശേഷം മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഉണ്ണികൃഷ്ണനിപ്പോൾ പോലീസ് കസ്റ്റഡിയിലാണുള്ളത്.
Discussion about this post