കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. യുവ നേതാവ് ജയ്ക് സി തോമസിനെയാണ് സിപിഎം പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കുന്നത്. രാവിലെ 11 മണിയ്ക്ക് കോട്ടയത്തെ സിപിഎം കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.
ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു ജെയ്കിനെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. ജെയ്കിനൊപ്പം മറ്റ് നേതാക്കളുടെ പേരുകളും സ്ഥാനാർത്ഥിയായി ഉയർന്ന് കേട്ടിരുന്നു. എന്നാൽ ഇന്നലെ ജില്ലാ കമ്മിറ്റിയിൽ നിന്നും ജെയ്കിന്റെ പേര് മാത്രമാണ് നേതൃത്വത്തിന് നിർദ്ദേശമായി ലഭിച്ചത്. ഇതോടെ അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്നാമത്തെ തവണയാണ് പുതുപ്പള്ളിയിൽ ജെയ്ക് ജനവിധി തേടുന്നത്.
2016 ലും, 2021 ലും പുതുപ്പള്ളിയിൽ ജെയ്ക് ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മത്സരിച്ചിരുന്നു. എന്നാൽ തോൽവി നുണയാൻ ആയിരുന്നു വിധി. ഉമ്മൻ ചാണ്ടിയുടെ അഭാവത്തിൽ മണ്ഡലം പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സിപിഎം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. പുതുപ്പള്ളിയിൽ ശക്തമായ പ്രചാരണ പരിപാടികളാണ് സിപിഎം ആസൂത്രണം ചെയ്യുന്നത്.
Discussion about this post