തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളും മറ്റ് നേതാക്കളും മാസപ്പടി വാങ്ങിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാസപ്പടിയായി 96 കോടി രൂപയാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും കൈപ്പറ്റിയിരിക്കുന്നത്. വിജിലൻസും ലോകായുക്തയും അടക്കമുള്ള സംസ്ഥാന സർക്കാരിന്റെ ഏജൻസികൾ നോക്കുകുത്തികളാണെന്നും അദ്ദേഹം വ്യക്തമാക്കി.
96 കോടി രൂപയാണ് മുഖ്യമന്ത്രിയും യുഡിഎഫ് നേതാക്കളും മാസപ്പടിയായി സ്വകാര്യ കമ്പനിയിൽ നിന്നും കൈപ്പറ്റിയിരിക്കുന്നത്. എൽഡിഎഫ് നേതാക്കളും പണം പറ്റിയിട്ടുണ്ട്. വിജിലൻസും ലോകായുക്തയുമെല്ലാം നോക്കുകുത്തികളാകുകയാണ്. സംഭവത്തിൽ ശക്തമായ അന്വേഷണം വേണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്നും സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
കരിമണൽ കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ എന്തിനാണ് മുഖ്യമന്ത്രി വാങ്ങിയത്. ഇക്കാര്യത്തിൽ അദ്ദേഹം മറുപടി പറയണം. മകൾ മാത്രമല്ല, അദ്ദേഹത്തിന്റെ പേരിൽ മറ്റ് പലരും മാസപ്പടി കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. പണം പറ്റിയതിന് സൗജന്യമായി എന്താണ് തിരിച്ച് കമ്പനിയ്ക്ക് ചെയ്തുകൊടുത്തത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ. എന്തിനാണ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കമുള്ള നേതാക്കൾക്ക് പണം നൽകിയത്. സംഭവത്തിൽ അന്വേഷണത്തിനായി കേന്ദ്ര ഏജൻസികളെ സമീപിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post