ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. ആക്രമണത്തിന് പിന്നിൽ ബലൂച് വിമതരാണ് എന്നാണ് അഭ്യൂഹം. തുറമുഖ നഗരമായ ഗ്വദാറിൽ സ്ഫോടനങ്ങളും വെടിയൊച്ചകളും കേട്ടതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ചൈനീസ് എഞ്ചിനീയർമാർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ആക്രമിക്കപ്പെട്ടത്. ഇതിനെ തുടർന്ന് പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് എന്ന് ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. പ്രധാന റോഡുകളിലെല്ലാം ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ആക്രമണത്തിൽ ആളപായമില്ലെന്നും അക്രമികളെ കീഴ്പ്പെടുത്തിയെന്നും പാകിസ്താൻ അധികൃതർ അറിയിച്ചു.
ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി സുപ്രധാന നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലമായ ഗ്വദാർ തുറമുഖത്തിന് സമീപമാണ് ആക്രമണം. പ്രദേശത്തെ പ്രകൃതി വിഭവങ്ങൾ പദ്ധതിയുടെ പേരിൽ ചൈന ചൂഷണം ചെയ്യും എന്ന് ഭയക്കുന്നതിനാൽ ബലൂചിസ്ഥാൻ സ്വദേശികൾ പദ്ധതിക്ക് എതിരാണ്.
ഇതിന് മുൻപും പ്രദേശത്ത് ചൈനീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കറാച്ചിയിൽ മിനി ബസിനുള്ളിൽ വനിതാ ചാവേർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് മൂന്ന് ചൈനീസ് പൗരന്മാരും പാകിസ്താനിയായ ബസ് ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ബലൂച് വിമോചന സേന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
Discussion about this post