കൊല്ലം : ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഗണപതിയെന്ന് സിപിഐ നേതാവും മുൻ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ. കൊട്ടാരക്കര മഹാഗണപതി ക്ഷേത്ര ഉപദേശക സമിതിയുടേയും ക്ഷേത്ര സംരക്ഷണ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചിത്ര രചന മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രഹ്മസങ്കൽപ്പത്തിന്റെ ഭാഗമാണ് ഈ പ്രകൃതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിനായക ചതുർത്ഥി ഏറ്റവും പ്രൗഢ ഗംഭീരമായി നടക്കുന്നത് ബോംബെയിലാണ്. ആത്മീയതയിലൂടെ ദേശീയത എന്ന ആദർശം മുന്നോട്ട് വെച്ചാണ് അദ്ദേഹം ഗണേശോത്സവം നടത്തിയത്. ഛത്രപതി ശിവാജി മഹാരാജാവും ഗണേശോത്സവം നടത്തിയിട്ടുണ്ട്. ആ അനുഭത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായാണ് ഇവിടെയും ഗണേശോത്സവം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകൃതിയും അണ്ഡകടാഹവും ബ്രഹ്മസങ്കൽപ്പത്തിൽ അധിഷ്ഠിതമാണെന്നും ചെങ്ങറ സുരേന്ദ്രൻ പറഞ്ഞു.
ഗണപതി മിത്താണെന്ന് എ.എൻ ഷംസീർ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. ഷംസീറിനു പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഹിന്ദു സംഘടനകളും നായർ സർവീസ് സൊസൈറ്റിയും ഉയർത്തിയത്. ഗണപതി മിത്തല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ നാടെങ്ങും ഗണേശോത്സവങ്ങൾ നടക്കാനൊരുങ്ങുകയാണ്. ഇതിനിടയിലാണ് സിപിഎം നേതാവിന് ചെങ്ങറ സുരേന്ദ്രൻ പരോക്ഷമായി മറുപടി നൽകിയത്.
Discussion about this post