ആന്റിഗ്വ: ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ് ഏർപ്പെടുത്താൻ തീരുമാനം. ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ തീരുമാനം നടപ്പിലാക്കുമെന്ന് സിപിഎൽ അധികൃതർ അറിയിച്ചു. പുരുഷ, വനിതാ ലീഗുകളിൽ ചുവപ്പ് കാർഡ് ഉപയോഗിക്കും.
മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കിനെയാണ് തീരുമാനം പ്രധാനമായും ലക്ഷ്യം വെക്കുക. ബൗളിംഗ് ടീം മത്സരം അനാവശ്യമായി ഇഴയ്ക്കാൻ ശ്രമിച്ചാൽ ഇന്നിംഗ്സിലെ അവസാന ഓവർ തുടങ്ങുന്നതിന് മുൻപ് അമ്പയറുടെ കൈയിൽ ഇരിക്കുന്ന ചുവപ്പ് കാർഡ് ഉയരും.
കുറഞ്ഞ ഓവർ നിരക്കിന്റെ ശിക്ഷകൾ ഇപ്രകാരമാണ്. പതിനെട്ടാം ഓവറിന്റെ തുടക്കത്തിൽ ബൗളിംഗ് ടീം നിശ്ചിത ഓവർ നിരക്കിൽ നിന്നും പിന്നിലാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും ഒരു ഫീൽഡറെ പിൻവലിച്ച് ഇന്നർ സർക്കിളിൽ നിർത്തും.
പത്തൊൻപതാം ഓവറിന് മുൻപും ഇത് ആവർത്തിക്കുകയാണെങ്കിൽ ഔട്ടർ സർക്കിളിൽ നിന്നും രണ്ട് ഫീൽഡർമാരെ ഇന്നർ സർക്കിളിൽ നിർത്തും. ഇതോടെ ഔട്ടർ സർക്കിളിൽ നാല് ഫീൽഡർമാർ മാത്രമായിരിക്കും ഉണ്ടാകുക.
അവസാന ഓവറിന്റെ തുടക്കത്തിലും പിഴവ് ആവർത്തിച്ചാലായിരിക്കും ചുവപ്പ് കാർഡ് രംഗത്ത് വരിക. ഇവിടെ ഫീൽഡിംഗ് ടീമിൽ നിന്നും ഒരു കളിക്കാരൻ ഗ്രൗണ്ടിന് പുറത്താകും. ഏത് കളിക്കാരൻ ആണ് പുറത്ത് പോകേണ്ടതെന്ന് ക്യാപ്ടന് തീരുമാനിക്കാം.
സമയനഷ്ടമുണ്ടാക്കിയാൽ ബാറ്റിംഗ് ടീമിനും ശിക്ഷയുണ്ടാകും. രണ്ട് തവണ അമ്പയർമാർ ബാറ്റിംഗ് ടീമിന് മുന്നറിയിപ്പ് നൽകും. വീണ്ടും തെറ്റ് ആവർത്തിച്ചാൽ പെനാൽറ്റിയായി അഞ്ച് റൺസ് വീതം ടീമിന് നഷ്ടമാകും.
മൂന്നാം അമ്പയറായിരിക്കും ഓവർ റേറ്റ് നിരീക്ഷിക്കുക. ഇത് ഓൺ ഫീൽഡ് അമ്പയർമാർ വഴി ക്യാപ്ടന്മാരിലേക്ക് എത്തും. ടിവിയിലൂടെയും സ്കോർ ബോർഡിലൂടെയും കാണികൾക്കും ഓവർ നിരക്ക് മനസിലാക്കാം. പരിക്കുകൾ, ഡി ആർ എസ് എന്നിവയ്ക്ക് ഓവർ നിരക്ക് നിയമം ബാധകമല്ല.
ഓഗസ്റ്റ് 17ന് സെന്റ് ലൂസിയ കിംഗ്സും ജമൈക്ക തല്ലവാസും തമ്മിലാണ് സിപിഎല്ലിലെ ആദ്യ മത്സരം. വനിതാ ലീഗ് ബാർബഡോസ് റോയൽസും ഗയാന ആമസോൺ വാറിയേഴ്സും തമ്മിലുള്ള മത്സരത്തോടെ ഓഗസ്റ്റ് 31 മുതൽ ആരംഭിക്കും.
Discussion about this post