ലക്‌നൗ: ഉത്തർപ്രദേശിൽ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിലായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്ത് വൻ ഭീകരാക്രമണം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടത് എന്ന് ഭീകര വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി. മൊറാദാബാദ് സ്വദേശി അഹമ്മദ് റാസയാണ് പിടിയിലായത്.
ഈ മാസം മൂന്നിനായിരുന്നു ഭീകര ബന്ധം കണ്ടെത്തിയതിനെ തുടർന്ന് റാസയെ അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം തുടർച്ചയ ദിവസങ്ങളിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ഉദ്ദേശ്യം. ഇതിനായി ആസൂത്രണം നടത്തുന്നതിനിടെ ആയിരുന്നു ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഭീകരാക്രമണത്തിലൂടെ സംസ്ഥാനത്തെയും രാജ്യത്തെയും അന്തരീക്ഷം കലുഷിതമാക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പാകിസ്താനിലുള്ള നിരവധി ഭീകരരുമായുള്ള റാസിയുടെ ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ആയുധങ്ങൾ കൈവശമുള്ളതായി റാസി വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെറാദാബാദിലെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അമേരിക്കൻ നിർമ്മിത പിസ്റ്റൽ, 32 ബോർ മാഗസിൻ, ആറ് വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് വ്യക്തമാക്കി.
ഹിസ്ബുൾ ഭീകരരായ ബുർഗാൻ വാണി, സാകിർ മൂസ എന്നിവരിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റാസി ഭീകരവാദത്തിലേക്ക് തിരിഞ്ഞത്. കശ്മീരിൽ നിന്നും ഇയാൾക്ക് ആയുധ പരിശീലനം ലഭിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമം വഴി പാകിസ്താനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകരരുമായി റാസി ബന്ധം പുലർത്തുന്നുണ്ടെന്നും ഭീകര വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു.
Discussion about this post