ഷിംല: ഹിമാചൽ പ്രദേശിൽ വീണ്ടും പ്രളയം. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിലാണ് നാശനഷ്ടം ഉണ്ടായത്. തിങ്കളാഴ്ച പുലർച്ചെ ഷിംലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രം തകർന്നു. ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങൾ ഉൾപ്പെടെ നിലംപൊത്തി. അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയതായും സംശയമുണ്ട്.
ഒൻപത് പേർ ദുരന്തത്തിൽ മരിച്ചതായി റിപ്പോർട്ടുണ്ട്. സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവും ഇക്കാര്യം സൂചന നൽകി. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബിലാസ്പൂർ, ചമ്പ, ഹാമിർപൂർ, കാൻഗ്ര, കുളു, മാണ്ഡി, ഷിംല, സിർമോർ, സോളൻ തുടങ്ങിയിടങ്ങളിലാണ് മഴ പെയ്തത്. ചിലയിടങ്ങളിൽ കനത്ത മഴയും മിന്നൽപ്രളയവുമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയും ആറ് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂൺ, തെഹ്‌രി, ചമ്പാവത്, ഉദംസിംഗ് നഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് തിങ്കളാഴ്ച ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുളളത്.
രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ സേനയെയും എൻഡിആർഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് വീട്ടിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ച മുഖ്യമന്ത്രി നദീതീരങ്ങളിൽ പോകുന്നതും മണ്ണിടിച്ചിൽ സാദ്ധ്യതയുളള മേഖലകളിൽ പോകുന്നതും ഒഴിവാക്കാനും അഭ്യർത്ഥിച്ചു. മഴ മാറിയാൽ പുനരുദ്ധാരണ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി വിക്രമാദിത്യ സിംഗിനൊപ്പമാണ് മുഖ്യമന്ത്രി ക്ഷേത്രം തകർന്ന മേഖല സന്ദർശിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പലയിടത്തും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ചടങ്ങ് മാത്രമായി ചുരുക്കിയിട്ടുണ്ട്.
Discussion about this post