കൊച്ചി: രാജ്യം 77 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ യാത്രക്കാർക്ക് വലിയ ഇളവ് നൽകി കൊച്ചി മെട്രോ. ടിക്കറ്റ് നിരക്കിൽ വലിയ ഇളവാണ് കൊച്ചി മെട്രോ ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 ന് ഉള്ള ടിക്കറ്റുകൾക്ക് പരമാവധി 20 രൂപയാണ് ഈടാക്കുക. പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും.
അന്നേദിവസം രാവിലെ 6 മണി മുതൽ രാത്രി 11 മണി വരെ ഈ നിരക്കുകൾ തുടരും. പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണ്.
ഓണദിനങ്ങളിലും വലിയ ഇളവും ആഘോഷപരിപാടികളും കൊച്ചി മെട്രോയുടെ ഭാഗത്ത് നിന്ന് യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്.
Discussion about this post