ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ തുടർച്ചയായ പത്താം തവണയും ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. സ്വച്ഛ് ഭാരത്, ജൻ ധൻ യോജന പോലുളള ജനപ്രിയ പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുളളതിനാൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രതീക്ഷയോടെയാണ് രാജ്യം കാത്തിരിക്കുന്നത്.
2014 മുതൽ രാജ്യത്തിന്റെ പുരോഗതിയെയും വികസന കാഴ്ചപ്പാടുകളുമാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടാറുളളത്. 2014 ലെ ആദ്യ പ്രസംഗത്തിലായിരുന്നു മെയ്ക്ക് ഇൻ ഇന്ത്യയും ജൻ ധൻ യോജനയും സ്വച്ഛ് ഭാരതും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മെയ്ക്ക് ഇൻ ഇന്ത്യയിലൂടെ 2047 ൽ ഭാരതത്തെ ഒരു വികസിത രാഷ്ട്രത്തിലേക്ക് നയിക്കുന്നതിനുളള പ്രഖ്യാപനമായിരുന്നു പ്രധാനമന്ത്രി നടത്തിയത്.
2015 ൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു രാജ്യത്തെ സ്റ്റാർട്ടപ്പ് വിപ്ലവത്തിന് വഴിയൊരുക്കിയ സ്റ്റാർട്ട് അപ്പ് ഇന്ത്യ സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചത്. നവ സാങ്കേതിക മേഖലയിലും പുത്തൻ ആശയത്തിലും വലിയ മുന്നേറ്റത്തിനാണ് ഇതിലൂടെ രാജ്യം സാക്ഷ്യം വഹിച്ചത്. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ കുതിപ്പേകുന്ന പിഎം ഗതിശക്തിയും വന്ദേഭാരത് എക്‌സ്പ്രസുമൊക്കെ പിറന്നത് പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ ഇത്തരം പ്രസംഗങ്ങളിലായിരുന്നു.
കഴിഞ്ഞ വർഷത്തെ പ്രസംഗത്തിൽ അഞ്ച് പ്രതിജ്ഞകളായിരുന്നു രാജ്യത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. 2018 ലായിരുന്നു രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പിക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചത്. 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സായുധ സേനകളിൽ വലിയ മാറ്റത്തിന് വഴിയൊരുക്കിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്റെ നിയമനവും പ്രഖ്യാപിച്ചു.
2024 ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി ഒരിക്കൽ കൂടി ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്യാൻ എത്തുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ പത്ത് വർഷത്തെ തന്റെ ഭരണത്തിൽ വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയുൾപ്പെടെ പ്രധാനമന്ത്രി പരാമർശിക്കുമെന്നാണ് സൂചന.
Discussion about this post