തിരുവനന്തപുരം: 77ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തും. ഇതിന് ശേഷം മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
രാവിലെ ഒൻപത് മണിയ്ക്കാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തുക. ഇതോടെ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് തുടക്കമാകും. സ്‌റ്റേഡിയത്തിൽ വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും സായുധരല്ലാത്ത മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻ.സി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടക്കും. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിക്കും. തുടർന്ന് സന്ദേശം നൽകും. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവ്വീസ് മെഡലുകൾ, കറക്ഷനൽ സർവ്വീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും.
രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒൻപതരയോടെ ദേശീയ പതാക ഉയർത്തും. നിയമസഭയിൽ സ്പീക്കർ എഎൻ ഷംസീറാണ് ദേശീയ പതാക ഉയർത്തുന്നത്. വിവിധ പാർട്ടി ആസ്ഥാനങ്ങളിലും സർക്കാർ ഓഫീസുകളിലും ദേശീയ പതാക ഉയർത്തും.
Discussion about this post