എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയുന്ന നൂറ് പേർക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയുടെ പരാതിയിൻമേലാണ് പോലീസ് നടപടി.
എറണാകുളം സെൻട്രൽ പോലീസ് ആണ് കേസ് എടുത്തത്. അന്യായമായി സംഘം ചേരൽ, പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, പള്ളിയ്ക്ക് നാശനഷ്ടം വരുത്തി തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. ഇവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് ഉടൻ കടക്കും.
ഇന്നലെ വൈകീട്ടോടെയായിരുന്നു പള്ളിയിൽ ഒരു വിഭാഗം സംഘർഷം ഉണ്ടാക്കിയത്. മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ ആണ് പ്രാർത്ഥനയ്ക്കായി എത്തിയത്. എന്നാൽ പള്ളിയ്ക്ക് മുൻപിൽവച്ച് വിമത വിഭാഗം തടയുകയായിരുന്നു. തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങാൻ കഴിയാതിരുന്ന അദ്ദേഹത്തെ പോലീസ് എത്തിയാണ് സുരക്ഷിതമായി പള്ളിയിൽ എത്തിച്ചത്.
ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് മാസങ്ങളായി പള്ളി അടച്ചിട്ടിരിക്കുകയാണ്. ഇതിനിടെയാണ് ആർച്ച് ബിഷപ്പ് പള്ളിയിൽ എത്തിയത്. പള്ളിയിലേക്ക് കടക്കുന്നതിനിടെ ആർച്ച് ബിഷപ്പിനെ അസഭ്യം പറയുകയും അദ്ദേഹത്തെ തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതോടെ പോലീസും വിശ്വാസികളും തമ്മിൽ സംഘർഷം ഉണ്ടായി. തുടർന്ന് പോലീസ് ലാത്തി വീശി ഇവരെ പിരിച്ചുവിടുകയായിരുന്നു.
Discussion about this post