പുതുപ്പള്ളി; ദേശീയ വിഷയങ്ങളിൽ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരേ നയമാണ് സ്വീകരിക്കുന്നതെന്നും പിന്നെ എന്തിനാണ് പുതുപ്പളളിയിൽ രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി അനിൽ കെ ആന്റണി. ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ബിജെപി ന്യൂ മെമ്പർഷിപ്പ് ക്യാമ്പയിൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുപ്പള്ളി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർഥി ലിജിൻലാലും പരിപാടിയിൽ പങ്കെടുത്തിരുന്നു.
ആർട്ടിക്കിൾ 370 യിലും ഏകീകൃത സിവിൽ കോഡിലും രാമക്ഷേത്ര വിഷയത്തിലും കോൺഗ്രസിനും മാർക്‌സിസ്റ്റ് പാർട്ടിക്കും ഒരേ നിലപാടാണ്. രാഹുലും യെച്ചൂരിയും ഡൽഹിയിൽ ഒറ്റക്കെട്ടാണ്. ബംഗാളിലും ത്രിപുരയിലും തമിഴ്‌നാട്ടിലും രാജസ്ഥാനിലും ഒക്കെ രണ്ട് കൂട്ടരും ഒരുമിച്ചാണ്. കേരളത്തിൽ മാത്രം എന്തിനാണ് ഈ കപട ഗുസ്തിയെന്ന് അനിൽ ആന്റണി ചോദിച്ചു. ഇന്ത്യയിലെ ഏറ്റവും ജനസമ്മതനായ നേതാവായ നരേന്ദ്രമോദിയെ താഴെയിറക്കാനാണ് ഇവർ ഒരുമിക്കുന്നതെന്നും അനിൽ ആന്റണി ചൂണ്ടിക്കാട്ടി.
ഇവിടെ മാത്രം ജനങ്ങളെ പറ്റിക്കാൻ കപട പോരാട്ടം നടത്തുന്നു. ഇതൊക്കെ ജനങ്ങൾ ചോദ്യം ചെയ്യേണ്ടതാണെന്നും അനിൽ ആന്റണി പറഞ്ഞു. ചെറുപ്പം മുതലേ വളരെ അടുത്ത സുഹൃത്താണ് ചാണ്ടി ഉമ്മൻ. പക്ഷെ പുതുപ്പളളിയിൽ നടക്കുന്നത് രാഷ്ട്രീയ പോരാട്ടമാണ്. അവിടെ മറ്റെല്ലാ ഇടങ്ങളിലേയും പോലെ എൻഡിഎ സ്ഥാനാർത്ഥി ജയിക്കേണ്ടത് കേരളത്തിന് ആവശ്യമാണ്.
2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് ശേഷം ഇന്ത്യ വളരെ അത്ഭുതകരമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. 67 വർഷമായി കാണാത്ത വികസന കുതിപ്പാണ് കഴിഞ്ഞ ഒൻപത് വർഷമായി രാജ്യത്ത് നടന്നത്. 2014 ന് മുൻപ് എയിംസ് 7 എണ്ണമായിരുന്നു ഇപ്പോൾ 23 ആയി. സ്റ്റാർട്ടപ്പുകൾ 500 ആയിരുന്നു. ഇന്ന് ഒരു ലക്ഷത്തിൽ അധികമായി. വിമാനത്താവളങ്ങൾ 74 ആയിരുന്നു ഇന്ന് 150 ലധികമായി അനിൽ ആന്റണി ചൂണ്ടിക്കാട്ടി.
പക്ഷെ ഇന്ന് കേരളത്തിലെ സ്ഥിതി നോക്കിയാൽ 28 സംസ്ഥാനങ്ങളിൽ ഏറ്റവും മോശം വളർച്ചാ നിരക്കുളള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. നരേന്ദ്രമോദി വന്നതിന് ശേഷം സ്റ്റാർട്ടപ്പ് ഇന്ത്യ, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ പദ്ധതികളിലൂടെ എല്ലായിടത്തും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമ്പോൾ കേരളം ഇതിൽ പിന്നോട്ടാണ്. ഇന്ന് ഓരോ മലയാളിയുടെ വീടുകളും എന്തെങ്കിലും കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളാണ്. യുപിഐയും പ്രധാനമന്ത്രി ആവാസ് യോജനയും ജൽ ജീവൻ മിഷനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും അനിൽ ആന്റണി പറഞ്ഞു.
Discussion about this post