തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും ഇതു സംബന്ധിച്ച നിലപാടു വ്യക്തമാക്കിയതാണെന്നും മാധ്യമങ്ങൾ എന്തൊക്കെ ചോദിച്ചാലും ഇക്കാര്യത്തിൽ ഇതുമാത്രമേ തനിക്ക് പറയാനുള്ളൂവെന്നും റിയാസ് പറഞ്ഞു.മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് മന്ത്രി തന്നെ ഇന്ന് മാദ്ധ്യമങ്ങൾക്കെതിരെ രംഗത്ത് എത്തിയത്.
യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗം മാദ്ധ്യമപ്രവർത്തകരാണെന്ന് തോന്നുന്നു. മനഃസാക്ഷിക്ക് വിരുദ്ധമായി ചിലർക്ക് പറയേണ്ടി വരുന്നു.സ്വാതന്ത്ര്യദിനം ആശംസിക്കുമ്പോഴും ഉടമകളുടെ രാഷ്ട്രീയതാത്പര്യത്തിനനുസരിച്ച് നിൽക്കേണ്ട ഗതികേട് നിങ്ങൾക്കുണ്ടെന്ന് മന്ത്രി കുറ്റപ്പെടുത്തി.
പ്രൊമോ കാർഡിലൊക്കെ എന്റേതുൾപ്പെടെയുള്ള ചിത്രങ്ങൾ നൽകുന്നുണ്ട്. ആ ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്. പേടിച്ചുകാണുന്ന മുഖം വരുന്നതാണ് നല്ലത്. അതിന് പറ്റിയൊരു ഫോട്ടോഗ്രാഫറെ പറഞ്ഞയച്ചാൽ ആ നിലയിൽ പോസ് ചെയ്തു തരാം. ഇനി മുതൽ അത് കൊടുക്കുന്നതാവും കുറേക്കൂടി വിഷയത്തിന് അനുസരിച്ച് നല്ലതെന്ന് തോന്നുന്നു.










Discussion about this post