പാമ്പാക്കുട: വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പോലീസുകാരെ തടഞ്ഞുവെച്ച് നാട്ടുകാർ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലെ ബൈജു, പരീത് എന്നീ പോലീസുകാരെയാണ് നാട്ടുകാർ തടഞ്ഞുവെച്ചത്.
പാമ്പാക്കുട പഞ്ചായത്തിലെ അരീക്കൽ വെളളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളെ കടന്നുപിടിച്ചുവെന്നാണ് പരാതി. പോലീസുകാർ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
തങ്ങളെ ആക്ഷേപിക്കുന്നതിന് മുൻപും പോലീസുകാർ മറ്റ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് പരാതിക്കാരായ സ്ത്രീകൾ ശ്രദ്ധിച്ചിരുന്നു. ഇതിന് ശേഷം തങ്ങൾക്ക് നേരെയും വന്നതോടെയാണ് ഇവർ പ്രതിഷേധം പ്രകടിപ്പിച്ചത്. സ്ത്രീകൾ ബഹളം വെച്ചതോടെ നാട്ടുകാരും ഒപ്പം കൂടുകയായിരുന്നു. ഇവരെ തടഞ്ഞുവെച്ച നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.
സ്ഥലത്തെത്തിയ രാമമംഗലം പോലീസ് ആദ്യം ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പരാതിക്കാർ തയ്യാറായില്ല. തുടർന്ന് പോലീസുകാരെ സ്‌റ്റേഷനിലേക്ക് മാറ്റാനും വൈദ്യപരിശോധന നടത്താനും നിർബന്ധിതമാകുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
Discussion about this post