തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായചതുർത്ഥിക്കും ഗണപതി ഹോമം നിർബന്ധമാക്കി. സ്പീക്കർ എഎൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഗണപതി ഹോമം നിർബന്ധമാക്കിയുള്ള ദേവസ്വം ബോർജ് ഉത്തരവ്.
ചിങ്ങം ഒന്നായ വ്യാഴാഴ്ചയും വിനായകചതുർഥി ദിവസമായ 20-നുമാണ് വിശേഷാൽ ഗണപതിഹോമം നിർബന്ധമാക്കിയത്. ബോർഡിന് കീഴിൽ 1254 ക്ഷേത്രങ്ങൾ ആണ് ഉള്ളത്. മുൻകാലങ്ങളിൽ ഇവിടെ ഗണപതി ഹോമം നടത്താറുണ്ട്. എന്നാൽ ഇതിനൊന്നും ബോർഡ് പ്രത്യേക ഉത്തരവൊന്നും നൽകാറില്ല. എന്നാൽ ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും നടത്തണമെന്ന് ക്ഷേത്രങ്ങൾക്ക് ദേവസ്വംബോർഡ് ഉത്തരവിലൂടെ നിർദേശം നൽകുകയായിരുന്നു.
രണ്ടുദിവസവും നടക്കുന്ന ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകണമെന്നും ബുക്കിങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ്. ബോർഡ് നിർദേശിച്ചതുപോലെ ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. ഇതിന് വിജിലൻസ് വിഭാഗത്തിനു പുറമേ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ-ഇൻസ്‌പെക്ഷൻ എന്നിവരെ ചുമതലപ്പെടുത്തി.
മിത്ത് വിവാദത്തിൽ, ദേവസ്വം ബോർഡ് വിശ്വാസികൾക്കൊപ്പമാണെന്ന പ്രതീതി കൊണ്ടുവരാനാണ് തിരക്കിട്ട ഈ ഉത്തരവെന്നാണ് വിലയിരുത്തൽ.
Discussion about this post