കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ പിടിച്ചുവിറ്റ ജീവനക്കാരൻ പിടിയിൽ. മെഡിക്കൽ കോളേജിലെ സ്ഥിരം ഡ്രൈവറായ ബിജു മാത്യുവാണ് പിടിയിലായത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ഇയാൾ സ്ഥിരമായി വിൽക്കാറുണ്ടെന്നാണ് വിവരം.
ഇന്നലെ രാത്രിയോടെ കാന്റീന് സമീപത്ത് വച്ച് പശുവിനെ കൈമാറുന്നതിനിടയിലാണ് ബിജു മാത്യു പിടിയിലാവുന്നത്. ക്യാമ്പസിനുള്ളിൽ മേയാനെത്തുന്ന പശുക്കളെ പുല്ലും വെള്ളവും കൊടുത്ത് പാട്ടിലാക്കിയ ശേഷമാണ് വിൽപ്പന.
സാമ്പത്തികബാധ്യതയാണ് ഇത്തരത്തിൽ കന്നുകാലികളെ വിൽക്കുന്നതിനുള്ള കാരണമെന്ന് ബിജു പറയുന്നു. കുറഞ്ഞ വിലയ്ക്കാണ് ഇയാൾ പശുക്കളെ വിൽക്കാറുള്ളത്. പശുക്കളെ കൂടാതെ എരുമകളെയും പോത്തുകളെയും ഇയാൾ പിടികൂടി വിൽക്കാറുണ്ട്. പോലീസ് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.
മെഡിക്കൽ കോളേജിന് സമീപം താമസിക്കുന്ന ചിലരാണ് ക്യാമ്പസിന് അകത്തേക്ക് കന്നുകാലികളെ മേയാൻ വിടുന്നതെന്നാണ് ആക്ഷേപം. ക്യാമ്പസിനകത്ത് കന്നുകാലികൾ ചുറ്റിത്തിരിയുന്നതുമായി ബന്ധപ്പെട്ട് പരാതി ഉയർന്നപ്പോൾ, പല തവണ ശ്രമിച്ചെങ്കിലും ശല്യം അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.













Discussion about this post