എറണാകുളം: കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് മുഴുവൻ ശമ്പളവും വിതരണം ചെയ്യാൻ ഉത്തരവിട്ട് ഹൈക്കോടതി. പെൻഷൻ വിതരണം ചെയ്യാനും കോടതി നിർദ്ദേശിച്ചു. കെഎസ്ആർടിസിയിലെ ശമ്പളം പെൻഷൻ എന്നിവ സംബന്ധിച്ച് ലഭിച്ച ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നടപടി.
ഓഗസ്റ്റ് മാസത്തിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു വിതരണം ചെയ്യാൻ സമയമായിട്ടും ജൂലൈയിലെ ശമ്പളം കൊടുത്തു തീർക്കാൻ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഹൈക്കോടതിയ്ക്ക് ഹർജി ലഭിച്ചത്. ഹർജി പരിഗണിച്ച കോടതി എന്തുകൊണ്ടാണ് ശമ്പളം വൈകുന്നതെന്ന് ആരാഞ്ഞു. സർക്കാരിന്റെ ധനസഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും അതിന് വേണ്ടി കാത്ത് നിൽക്കുകയാണെന്നുമായിരുന്നു കെഎസ്ആർടിസി ഇതിന് മറുപടി നൽകിയത്. സർക്കാരിൽ നിന്നും 130 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ലഭിച്ചാൽ താത്കാലിക പ്രതിസന്ധിയ്ക്ക് പരിഹാരമാകുമെന്നും കോടതിയെ അറിയിച്ചിരുന്നു. ഇത് കേട്ടതിന് പിന്നാലെയായിരുന്നു ഒണത്തിന് മുൻപ് ശമ്പളവും പെൻഷനും നൽകാൻ ഹൈക്കോടതി പറഞ്ഞത്.
ഓണത്തിന് ഒരു ജീവനക്കാരനെപ്പോലും വിശന്ന് ഇരിക്കാൻ അനുവദിക്കരുത് എന്ന് കോടതി പറഞ്ഞു. ജനങ്ങൾക്ക് ഇപ്പോഴും കെഎസ്ആർടിസി ബസ് ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്ുന്നത്.ശമ്പളത്തിന്റെ ആദ്യ ഗഡു നൽകാൻ സർക്കാരിനെ കാത്ത് നിൽക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജി ഈ മാസം 21 ന് കോടതി വീണ്ടും പരിഗണിക്കും.
Discussion about this post