കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം ലിജിൻലാൽ പത്രിക സമർപ്പിക്കാൻ എത്തിയത്. പത്രികയ്‌ക്കൊപ്പം കെട്ടിവെയ്ക്കാനുളള തുക സ്വീകരിച്ചത് മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്നാണ്.
ഗണപതി മിത്താണെന്ന് പറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച സിപിഎമ്മിന് വിശ്വാസികളുടെ ഭാഗത്ത് നിന്നുളള ശക്തമായ മറുപടി കൂടിയാണ് ലിജിൻലാൽ നൽകിയത്. വിവാദങ്ങൾക്ക് തുടക്കമിട്ട സ്പീക്കർ എഎൻ ഷംസീറും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഉൾപ്പെടെ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന അഭിപ്രായ പ്രകടനങ്ങളായിരുന്നു നിരന്തരം നടത്തിയത്.
എന്നാൽ പുതുപ്പളളി തിരഞ്ഞെടുപ്പ് വന്നതോടെ വിശ്വാസികളുടെ പ്രതിഷേധം തണുപ്പിക്കാനുളള ശ്രമങ്ങളും സിപിഎം കേന്ദ്രങ്ങൾ ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഗണപതി മിത്താണെന്ന് പറഞ്ഞവർക്ക് എൻഡിഎ സ്ഥാനാർത്ഥി പ്രവൃത്തിയിലൂടെ മറുപടി നൽകിയത്. ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന കേരളത്തിലെ പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് മള്ളിയൂരിൽ ഉളളത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ എംപിയും ലിജിൻലാലിനൊപ്പം മളളിയൂർ ക്ഷേത്രത്തിലെത്തിയിരുന്നു. ദർശനം നടത്തി പൂജാപ്രസാദം ഏറ്റുവാങ്ങി പ്രാർത്ഥിച്ചാണ് ലിജിൻലാൽ നേതാക്കൾക്കൊപ്പം പത്രികാസമർപ്പണത്തിനായി തിരിച്ചത്.
കേന്ദ്രമന്ത്രി വി മുരളീധരൻ, പി.കെ കൃഷ്ണദാസ് തുടങ്ങിയവരും പത്രികാസമർപ്പണത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
Discussion about this post