ന്യൂഡൽഹി : പിടികിട്ടാപ്പുള്ളിയായ സ്വർണ്ണക്കടത്തുകാരൻ മൊഹബത്ത് അലിയെ സൗദിയില്‍ നിന്ന് പിടികൂടി ഇന്ത്യയിലേക്ക് എത്തിച്ചതായി സിബിഐ അറിയിച്ചു. സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണക്കട്ടികള്‍ അനധികൃതമായി കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 2020-ൽ സൗദിയിൽ നിന്ന് 18.56 കിലോഗ്രാം സ്വർണക്കട്ടികൾ ഇന്ത്യയിലേക്ക് കടത്തുന്നത് പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജസ്ഥാൻ സ്വദേശിയാണ് മൊഹബത്ത് അലി.
എമർജൻസി ലൈറ്റുകളുടെ ബാറ്ററിയിൽ സ്വർണക്കട്ടികൾ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കടത്താൻ ശ്രമിച്ച 9 കോടിയോളം രൂപ വിപണി വിലയുള്ള സ്വർണമാണ് പിടിച്ചെടുത്തിരുന്നത്. 2020 സെപ്റ്റംബർ മുതൽ ഇയാൾ ഒളിവിലായിരുന്നു. എന്‍ഐഎയുമായി ചേർന്ന് നടത്തിയ ശ്രമത്തിലൂടെയാണ് മൊഹബത്ത് അലിയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു . എന്‍ഐഎയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഇയാള്‍ക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഗ്ലോബല്‍ ഓപറേഷന്‍സ് സെന്റര്‍ വഴി ഇന്റര്‍പോളിന്റെ റിയാദ് ഘടകവും എന്‍ഐഎയും ചേര്‍ന്നാണ് മൊഹബത്ത് അലിയെ ഇന്ത്യയിലേക്ക് എത്തിക്കാൻ സൗകര്യം ചെയ്തത്. സിബിഐയോടൊപ്പം എന്‍ഐഎയും ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post