ന്യൂഡൽഹി: അപകീർത്തി കേസിന്റെ പേരിൽ നഷ്ടമായ എംപി സ്ഥാനം തിരികെ ലഭിച്ചതിന് പിന്നാലെ നാടകങ്ങൾ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പച്ചക്കറി വിൽപ്പനക്കാരനെയും ഭാര്യയെയും വീട്ടിലേക്ക് വിളിച്ചുവരുത്തി അവരുമൊന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ജനകീയനാണെന്ന് വരുത്തി തീർക്കാനുള്ള രാഹുലിന്റെ പുതിയ ശ്രമം. ഇതിൽ രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പരിഹാസം ഉയരുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു പച്ചക്കറി വിൽപ്പനക്കാരനായ രമേശ്വറിനൊപ്പമുള്ള വീഡിയോ രാഹുൽ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എത്തിച്ചായിരുന്നു രാമേശ്വറിനെയും കുടുംബത്തെയും കണ്ടത്. ഇതിന് ശേഷം ഇവർ ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുകയും ചെയ്തു. രാമേശ്വറിനും ഭാര്യയ്ക്കും ഭക്ഷണം വിളമ്പി നൽകിയത് രാഹുലായിരുന്നു . ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് രാഹുലും സൈബർ സംഘങ്ങളും പ്രചരിപ്പിക്കുന്നത്.
സംഭാഷണത്തിനിടെ രാമേശ്വർ രാഹുലിനെ സാർ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഇത് കേൾക്കുന്ന രാഹുൽ തന്നെ പേര് വിളിച്ചാൽ മതിയെന്നാണ് അദ്ദേഹത്തോട് പറയുന്നത്. തന്നെ സാർ എന്നെല്ലാം വിളിക്കുന്നത് എന്തിനാണ്?. തന്റെ പേര് രാഹുൽ ഗാന്ധിയെന്നാണ്. സാർ എന്ന് വിളിക്കരുത്. തന്നെ പേര് വിളിച്ചാൽ മതി എന്ന് ആയിരുന്നു രാഹുലിന്റെ മറുപടി.
ഇതിന് പുറമേ കേന്ദ്രസർക്കാരിനെതിരെ ജനവികാരമുണ്ടാക്കാനുളള ശ്രമവും രാഹുൽ വീഡിയോവഴി നടത്തുന്നതായി കാണാം. ഇന്ത്യയിൽ അധ്വാനിക്കുന്നതിന്റെ ഫലം ലഭിക്കുന്നുണ്ടോയെന്ന് രാഹുൽ ചോദിക്കുന്നുണ്ട്. എന്നാൽ ഇല്ലെന്ന് ആണ് ഇതിന് മറുപടി നൽകുന്നത്. കേന്ദ്രസർക്കാർ കർഷകരുടെയും തങ്ങളെപ്പോലുള്ള പച്ചക്കറി വിൽപ്പനക്കാരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്നും രാമേശ്വർ വീഡിയോയിൽ പറയുന്നുണ്ട്.
Discussion about this post