ആലപ്പുഴ: പോലീസുകാരനെതിരെ അസഭ്യ വർഷവും ഭീഷണിയുമായി സിപിഎം നോതാവ്. സിപിഎം കഞ്ഞിക്കുഴി ലോക്കൽ സെക്രട്ടറി ഹെബിൻ ദാസാണ് നാർക്കോട്ടിക് സെൽ ഉദ്യോഗസ്ഥൻ ഷൈനിനെ ഭീഷണിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് ഹെബിന്റെ അടുത്ത ബന്ധുവിന്റെ മകനെ ഷൈൻ ഉൾപ്പെട്ട സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതായിരുന്നു ഹെബിനെ ചൊടിപ്പിച്ചത്. ആവശ്യമില്ലാത്ത പരിപാടിയാണ് ചെയ്തത് എന്നതുൾപ്പെടെ പറഞ്ഞാണ് ഹെബിന്റെ ഭീഷണി.
കഞ്ഞിക്കുഴിയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വിദ്യാർത്ഥിനികൾ ഉൾപ്പെടെ വന്നു പോകുന്നതായും ലഹരി ഉപയോഗിക്കുന്നതായും നാർക്കോട്ടിക് സെല്ലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയപ്പോഴാണ് ഹെബിന്റെ ബന്ധുവുൾപ്പെടെയുള്ള സംഘത്തെ കണ്ടത്. തുടർന്ന് രക്ഷിതാക്കളുടെ നമ്പർ ഉൾപ്പെടെ എഴുതി വാങ്ങിയ ശേഷം വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘത്തെ പോകാൻ അനുവദിക്കുകയായിരുന്നു. എന്നാൽ മടങ്ങിയ ആൺകുട്ടികളുടെ സംഘം തിരികെയെത്തി പോലീസിനെ അസഭ്യം പറയുകയായിരുന്നു. ഇതോടെയാണ് ഹെബിന്റെ ബന്ധുവിന്റെ മകനെയുൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ഇവരുടെ ഫോൺ പിടിച്ചെടുക്കുകയും ചെയ്തത്. തുടർന്ന് ഈ വിവരം പറയാൻ ഷൈൻ ഹെബിനെ ഫോണിൽ വിളിച്ചപ്പോഴായിരുന്നു ഭീഷണി.
സാറേ,. ആവശ്യമില്ലാത്ത പരിപാടി വേണ്ട. ഞാൻ അങ്ങോട്ട് വന്നാൽ എല്ലാം ശരിയാകും. ഫോൺ പിടിച്ചെടുത്തത് ആരോട് ചോദിച്ചിട്ടാണ് എന്നെല്ലാമായിരുന്നു ഭീഷണി മുഴക്കിയത്. തുടർന്ന് ഷൈൻ മേലുദ്യോഗസ്ഥനോട് പരാതിപ്പെടുകയും ചെയ്തു.
Discussion about this post