കാബൂൾ: സ്ത്രീകൾക്കായി വിചിത്ര നിർദ്ദേശവുമായി താലിബാൻ. പൊതുസ്ഥലത്ത് വച്ച് പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ വില പോകുമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഗവൺമെന്റിന്റെ വൈസ് ആൻഡ് വെർച്യൂ മന്ത്രാലയ വക്താവായ മൊൾവി മുഹമ്മദ് സാദിഖ് അകിഫ്. വീടിന് പുറത്ത് ഒരു സ്ത്രീ മുഖം മറയ്‌ക്കേണ്ടത് അവളുടെ മൂല്യം നഷ്ടപ്പെടാതാിരിക്കാൻ ആത്യാവശ്യമാണെന്ന് മൊൾവി മുഹമ്മദ് സാദിഖ് അകിഫ് പറഞ്ഞു. സ്ത്രീകളുടെ മുഖം പൊതുസ്ഥലത്ത് ദൃശ്യമായാൽ ഫിത്ന അല്ലെങ്കിൽ പാപത്തിൽ വീഴാൻ സാധ്യതയുണ്ടെന്ന് വക്താവ് പറയുന്നു.
ചില പ്രദേശങ്ങളിൽ (വലിയ നഗരങ്ങളിൽ) സ്ത്രീകളെ കാണുന്നത് വളരെ നാണക്കേടാണ്. സ്ത്രീകളുടെ മുഖം മറയ്ക്കണമെന്ന് നമ്മുടെ പണ്ഡിതന്മാരും പറയുന്നു. ‘അവളുടെ മുഖത്തിന് കേടുപാടുകൾ സംഭവിക്കുമെന്നല്ല. ഒരു സ്ത്രീക്ക് അവളുടെതായ മൂല്യമുണ്ട്, പുരുഷന്മാർ അവളെ നോക്കുമ്പോൾ ആ മൂല്യം കുറയുന്നു. ഹിജാബിൽ സ്ത്രീകൾക്ക് അല്ലാഹു ബഹുമാനം നൽകുന്നു, ഇതിന് വിലയുണ്ടെന്ന് വക്താവ് കൂട്ടിച്ചേർത്തു.
‘ഇവിടെ ശരിയത്ത് നിയമം നടപ്പാക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന്റെ ഭാഗമായി ശരിയ നിയമം നടപ്പാക്കുകയാണ് ഞങ്ങൾ. 1400 വർഷം മുമ്പ് നിലവിൽ വന്നതാണ് ശരിയ നിയമം. അത് ഇന്നും നിലനിൽക്കുന്നുണ്ട്,” എന്നും വക്താവ് പറഞ്ഞു.
പാർക്കിൽ പുരുഷൻമാരുടെ സാന്നിദ്ധ്യമില്ലെങ്കിൽ സ്ത്രീകൾക്ക് പോകാം. സ്ത്രീകൾ പാർക്കിൽ പോകരുതെന്നോ കായിക മത്സരങ്ങളിൽ പങ്കെടുക്കരുതെന്നോ ഞങ്ങൾ പറഞ്ഞിട്ടില്ല. അവർക്ക് ഇതെല്ലാം ചെയ്യാൻ കഴിയും. എന്നാൽ ചില സ്ത്രീകൾ ആഗ്രഹിക്കുന്നത് പോലെ പുരുഷൻമാരുടെ ഇടയിൽ അർദ്ധനഗ്‌നരായി ഇരുന്ന് ഇതൊന്നും ചെയ്യാനാകില്ലെന്ന് വക്താവ് കൂട്ടിച്ചേർത്തു.
കാബൂളിലെ ദാറുൽ അമൻ കൊട്ടാരവളപ്പിലാണ് വൈസ് ആൻഡ് വെർച്യൂ മന്ത്രാലയം സ്ഥിതി ചെയ്യുന്നത്. മന്ത്രാലയത്തിന് സമീപത്ത് സ്ത്രീകൾക്ക് പ്രവേശനമില്ല.
Discussion about this post