കോഴിക്കോട് : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധിയെന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നത് എന്നാണ് റിയാസ് പറയുന്നത്. ഇനിയും എന്ത് പരിശോധന വേണമങ്കിലും അതുമായി ബന്ധപ്പെട്ട് നടത്താമെന്നും റിയാസ് പറഞ്ഞു.
”ഞങ്ങളെ ജനങ്ങൾ തിരഞ്ഞെടുത്തത് ഒരു തെറ്റാണോ” എന്നാണ് റിയാസ് ചോദിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് സർക്കാരിന്റെ തുടർഭരണം ഉണ്ടായതിൽ ഉറക്കം നഷ്ടപ്പെട്ടവർ ആ ഉറക്കം കിട്ടാൻ എന്തെങ്കിലും മരുന്ന് കഴിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യണം. അല്ലാതെ ഇങ്ങനെ പിന്നാലെ നടന്നിട്ട് കാര്യമില്ല. ഏതെങ്കിലും ഒരു നിലയിലുളള മറുപടി വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ചിലർക്ക് എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചതിൽ ദഹിക്കാത്ത പ്രശ്നം ഉണ്ട്. അതിനിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല. ഇവിടെ അതിനുളള മരുന്നുണ്ടോ എന്ന് അറിയില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടന്റെ പുതിയ ആരോപണങ്ങൾക്കെതിരെയും റിയാസ് പ്രതികരിച്ചു. എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചുപറയുകയാണ് കുഴൽനാടൻ എന്ന് റിയാസ് പറഞ്ഞു. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
Discussion about this post