ചെന്നൈ; ചാന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിക്കുന്ന തരത്തിൽ ട്വിറ്ററിൽ പോസ്റ്റിട്ട നടൻ പ്രകാശ് രാജ് എയറിൽ. കഴിഞ്ഞ ദിവസം പ്രകാശ് രാജ് ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രമാണ് പ്രതിഷേധത്തിന് വഴിവെച്ചത്. ചാന്ദ്രയാനിലെ വിക്രം ലാൻഡർ പകർത്തിയ ആദ്യ ചിത്രമെന്ന കുറിപ്പോടെ ചായ അടിക്കുന്ന ഒരാളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
രാജ്യത്തിന്റെ അഭിമാനമായി ചാന്ദ്രയാൻ ദൗത്യം അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കെയാണ് പ്രകാശ് രാജ് പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയത്. എന്നാൽ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മോദി സർക്കാരിനെതിരായ വിരോധത്തിൽ ഐഎസ്ആർഒയെയും ചാന്ദ്രയാൻ ദൗത്യത്തെയും പരിഹസിക്കുന്നതിനെതിരെയാണ് കൂടുതൽ പേരും രോഷം പ്രകടിപ്പിച്ചത്.
ചാന്ദ്രയാൻ ദൗത്യവും വിക്രം ലാൻഡറും തകരണമെന്ന് പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും യൂട്യൂബേഴ്‌സും കൊമേഡിയൻസും ആഗ്രഹിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്ന് പലരും പ്രതിഷേധം രേഖപ്പെടുത്തി കുറിച്ചു. മോദി സർക്കാരിനെ താഴെയിറക്കാൻ ചാന്ദ്രയാൻ 3 പോലും തകരണമെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
മോദിക്കെതിരായ അസ്വസ്ഥത സാധാരണമാണ്. എന്നാൽ വിക്രം ലാൻഡർ നമ്മുടെ രാജ്യത്തിന്റേതാണ്. മോദിയുടേതല്ല. ഐഎസ്ആർഒയും നമ്മുടെ രാജ്യത്തിന്റേതാണ് മോദിയുടേതല്ല. പ്രകാശ് രാജിനെപ്പോലുളള ചിലർ സ്വാതന്ത്ര്യത്തെ വളരെ വിലകുറച്ച് കാണാൻ തുടങ്ങിയിട്ടുണ്ട്. നിയമം അനുശാസിക്കുന്ന രീതിയിൽ ഇവരെ ശിക്ഷിക്കുകയാണ് വേണ്ടതെന്നും ഡോ സയ്യിദ് റിസ്വാൻ അഹമ്മദ് എന്ന ട്വിറ്റർ ഉപയോക്താവ് പറഞ്ഞു.
പ്രകാശ് രാജിനെ ഫോളോ ചെയ്യുന്ന 2.8 മില്യൻ ആളുകൾക്കും നാണക്കേടാണ് ഇത്തരം ട്വീറ്റുകളെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തിയെന്ന ആൾ പ്രതികരിച്ചു. 2019 ലെ തിരഞ്ഞെടുപ്പിൽ ബംഗലൂരു സെൻട്രലിൽ മത്സരിച്ച പ്രകാശ് രാജിനെ പരാജയപ്പെടുത്തിയ ജനങ്ങളോട് നന്ദി പറഞ്ഞും ചിലർ പോസ്റ്റുകൾ ഇട്ടിട്ടുണ്ട്. പ്രകാശ് രാജ് മാപ്പു പറയണമെന്നും നിരവധി പേർ ട്വിറ്ററിൽ ആവശ്യപ്പെടുന്നുണ്ട്.
ഈ മാസം 23 ന് വൈകിട്ട് ചാന്ദ്രയാനിലെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങാനിരിക്കെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. റഷ്യയും ഇന്ത്യയ്‌ക്കൊപ്പം ചാന്ദ്ര ദൗത്യത്തിന് തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസം പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതിനെ തുടർന്ന് പിന്മാറിയിരുന്നു. ചാന്ദ്രയാൻ 3 ദൗത്യം വിജയിച്ചാൽ ഈ നേട്ടം എത്തിപ്പിടിക്കുന്ന നാലാമത്തെ ലോകരാജ്യമായി ഇന്ത്യ മാറും.
Discussion about this post