തിരുവനന്തപുരം: കിളിമാനൂർ പൂയം തിരുനാൾ സി.ആർ. കേരള വർമ്മ മൂത്ത കോയിൽ തമ്പുരാൻ അന്തരിച്ചു. 88 വയസ്സായിരുന്നു. സന്യാസി തമ്പുരാൻ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്.
ഉച്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു. ലാളിത്യവും സ്‌നേഹവും കൊണ്ട് സമ്പന്നനും പരമ ശുദ്ധനും മഹാ പണ്ഡിതനും ആയിരുന്നു കേരള വർമ്മ മൂത്ത കോയിൽ തമ്പുരാൻ.
ഏതാനും വർഷം മുൻപ് വാനപ്രസ്ഥാശ്രമ ദീക്ഷ സ്വീകരിച്ച അദ്ദേഹം ഉപാസനയും ജപധ്യാനങ്ങളുമായി വളരെ ലളിതവും സാത്വികവും മാതൃകാപരവുമായ ആദ്ധ്യാത്മിക ജീവിതമാണ് നയിച്ചിരുന്നത്. സംസ്‌കൃത ഭാഷയിലും തന്ത്രത്തിലും വേദോപനിഷത്തുകളിലുമെന്ന പോലെ ഗണിത ശാസ്ത്രത്തിലും ഊർജതന്ത്രത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. വലിയ തമ്പുരാൻ പലർക്കും ഗുരുവും ആചാര്യനും മാർഗദർശിയുമായിരുന്നു.
വൈയാസകി (വ്യാസശിഷ്യൻ) എന്ന തൂലികാ നാമത്തിൽ കേരളത്തിലും പരദേശങ്ങളിലുമുള്ള സന്ധ്യാവന്ദന രീതികളെക്കുറിച്ചും വ്യാഹൃതികളെക്കുറിച്ചും യോഗ വേദാന്ത മീമാംസകളെക്കുറിച്ചും രണ്ടു വാല്യങ്ങളിലായി ‘ത്രൈവേദിക സന്ധ്യാ പദ്ധതി’ എന്ന ബൃഹത്തായ ഗവേഷണ ഗ്രന്ഥവും ‘ബോധാനന്ദ ഗീത’, ‘യോഗയാജ്ഞവൽക്യം’ , ‘കരീന്ദ്രൻ തമ്പുരാന്റെ രണ്ടു കൃതികൾ’ എന്നീ ഗ്രന്ഥങ്ങൾക്കു ഭാഷ്യവും അസംഖ്യം ലേഖനങ്ങളും ഏറ്റവും ഒടുവിലായി ‘വാനപ്രസ്ഥാശ്രമം’ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ‘ആചാര്യരത്‌നം’ ബഹുമതിയും രേവതി പട്ടത്താനം’ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Discussion about this post