മോസ്‌കോ: വാഗ്നർ ഗ്രൂപ്പ് തലൻ യെവ്ഗിനി പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രിഗോഷിൻ കൊല്ലപ്പെട്ടതിൽ അതിശയിക്കാനൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് യഥാർത്ഥത്തിൽ ഉണ്ടായത് എന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും ബൈഡൻ പ്രതികരിച്ചു.
പ്രിഗോഷിന് എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന കാര്യം വ്യക്തമല്ല. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ടതിൽ അതിശയപ്പെടാനുമില്ല. പുടിൻ അറിയാതെ റഷ്യയിൽ ഒന്നും സംഭവിക്കുന്നില്ല എന്നാണ് കരുതുന്നത്. എന്നാൽ തെളിവുകൾ ഇല്ലാത്തതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല. വിമാന അപകടം ഒരു സൂചനയാണെന്നായിരുന്നു സംഭവത്തിന് പിന്നാലെ റഷ്യൻ പ്രസിഡന്റിന്റെ സഹായി മൈഖൈലോ പോഡോലിയാക് സമൂഹമാദ്ധ്യമത്തിൽ കുറിച്ചതെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് പ്രിഗോഷിൻ വിമാന അപകടത്തിൽ കൊല്ലപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവരുന്നത്. ട്വെർ മേഖലയിൽ വിമാനം തകർന്ന് വീണ് അപകടം ഉണ്ടായിരുന്നു. ഇതിൽ യാത്രക്കാരുടെ വിവരങ്ങൾ പരിശോധിക്കുമ്പോഴായിരുന്നു പ്രിഗോഷിന്റെ പേര് കണ്ടത്. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 10 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ജൂൺ മാസത്തിൽ പ്രിഗോഷിന്റെ നേതൃത്വത്തിലുള്ള സൈന്യം റഷ്യൻ ഭരണകൂടത്തെ അട്ടിമറിയ്ക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിമാന അപകടത്തിൽ പ്രിഗോഷിൻ കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സംശയവും ഇതിനോടകം ഉയരുന്നുണ്ട്.
Discussion about this post