ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങളെ അപമാനിച്ച ബിബിസിക്ക് ശക്തമായ മറുപടിയുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ദാരിദ്ര്യം തുടച്ച് നീക്കിയിട്ട് പോരേ ബഹിരാകാശ ദൗത്യത്തിന് ഇറങ്ങി തിരിക്കുന്നതെന്ന ബിബിസി പ്രതിനിധിയുടെ പഴയ ചോദ്യം ഉദ്ധരിച്ചായിരുന്നു ചന്ദ്രയാൻ-3ന്റെ വിജയത്തിന്റെ പശ്ചാത്തലത്തിൽ ആനന്ദ് മഹീന്ദ്രയുടെ മറുപടി.
അടിസ്ഥാന സൗകര്യ വികസനത്തിൽ പിന്നിൽ നിൽക്കുകയും തീവ്രദാരിദ്ര്യം നിലനിൽക്കുകയും ചെയ്യുന്ന ഇന്ത്യ ബഹിരാകാശ പദ്ധതികൾക്കായി ഇത്രയധികം പണം ചിലവഴിക്കുന്നത് ശരിയാണോ എന്നായിരുന്നു ബിബിസി പ്രതിനിധിയുടെ പഴയ ചോദ്യം. ഇതിനോടായിരുന്നു ആനദ് മഹീന്ദ്രയുടെ പ്രതികരണം.
https://twitter.com/anandmahindra/status/1694535318480073020
ഉപഭൂഖണ്ഡത്തിന്റെ മുഴുവൻ സമ്പത്തും കൊള്ളയടിച്ച കൊളോണിയൽ ദുരയുടെ ശേഷിപ്പായിരുന്നു കഴിഞ്ഞ ദശാബ്ദം വരെ ഇന്ത്യയിൽ നിലനിന്നിരുന്ന ദാരിദ്ര്യമെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇന്ത്യയിൽ നിന്നും നിങ്ങൾ കടത്തിക്കൊണ്ട് പോയ അമൂല്യമായ വസ്തു നിങ്ങൾ കരുതുന്നത് പോലെ കോഹിനൂർ രത്നമൊന്നും ആയിരുന്നില്ല. അത് ഞങ്ങളുടെ ആത്മാഭിമാനവും സ്വന്തം കഴിവുകളിൽ ഉള്ള വിശ്വാസവുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊളോണിയൽ ഭരണത്തിന്റെ ഏറ്റവും വലിയ ഭീകരത അത് ഇരകളിൽ അപകർഷതാബോധം വളർത്തും എന്നതാണ്. ആ അപകർഷത മറികടക്കാനാണ് ഇന്ന് ഇച്ഛാശക്തിയുള്ള ഇന്ത്യൻ ഭരണകൂടം ഒരേ സമയം ശൗചാലയവും ചന്ദ്രയാനും നിർമ്മിക്കുന്നത്. ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ പോലെയുള്ള ബൃഹത് പദ്ധതികൾ നമ്മുടെ ആത്മാഭിമാനവും സ്വത്വബോധവും വർദ്ധിപ്പിക്കും. ശാസ്ത്രത്തിലൂടെ മാത്രമാണ് പുരോഗതി എന്ന ബോദ്ധ്യം ജനങ്ങളിൽ ഉണ്ടാകും. അങ്ങനെ ഇന്ത്യ സ്വയം ദാരിദ്ര്യത്തിൽ നിന്നും മുക്തി നേടി വികാസം പ്രാപിക്കും. യഥാർത്ഥ ദാരിദ്ര്യം എന്നത് സഹിഷ്ണുതയില്ലായ്മയാണ് എന്ന് അപ്പോൾ നിങ്ങൾക്ക് ബോദ്ധ്യമാകുമെന്നും ആനന്ദ് മഹീന്ദ്ര ബിബിസിയ്ക്കുള്ള മറുപടിയിൽ പറഞ്ഞു.
Discussion about this post