എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എ.സി മൊയ്തീന് ഇഡി നോട്ടീസ്. ഈ മാസം 31 ന് ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. ഇന്നലെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൊയ്തീനെതിരെ നിർണായക വിവരങ്ങൾ ഇഡി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നോട്ടീസ് നൽകുന്നത്.
രാവിലെ 11 മണിയോടെ ഹാജരാകാനാണ് ഇഡിയുടെ നിർദ്ദേശം. മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്നാണ് ബിനാമികൾക്ക് ബാങ്കിൽ നിന്നും വായ്പ നൽകിയത് എന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഇഡി ചോദ്യം ചെയ്യുന്നത്. ഏത് സാഹചര്യത്തിലാണ് ബിനാമികൾക്ക് വായ്പ നൽകാൻ ശുപാർശ ചെയ്തത്. ഇതുവഴി സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാകും ഇഡി വ്യക്തത തേടുക. കരുവന്നൂരിലെ ബാങ്ക് മാനേജർ ബിജു കരീമുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ, ഫേൺ സംഭാഷണങ്ങൾ എന്നിവ ഇഡിയുടെ പക്കലുണ്ട്. ഇതുമായി ബന്ധപ്പെട്ടും വിവരങ്ങൾ ആരായും.
മൊയ്തീന്റെ നിർദ്ദേശത്തെ തുടർന്ന് വായ്പ നൽകിയതുവഴി ബാങ്കിന് 150 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. പാവങ്ങളുടെ സ്വത്തുക്കൾ ഉൾപ്പെടെ പണയപ്പെടുത്തിയായിരുന്നു ബിനാമി ഇടപാടുകൾ. സിപിഎം ജില്ലാ നേതാക്കൾ ഉൾപ്പെടെ ഇതിന് കൂട്ടുനിന്നുവെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കേസുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 36 വസ്തുവകകൾ ആണ് കണ്ടുകെട്ടിയത്. എ.സി മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മൊയ്തീന്റെയും മറ്റ് പ്രതികളുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇഡി വിവരങ്ങൾ പുറത്തുവിട്ടത്.
Discussion about this post