നിലമ്പൂർ: കേരളത്തിൽ പിണറായിസമാണ് നടക്കുന്നതെന്നും അതിനെതിരായ പോരാട്ടം തുടരുമെന്നും
ഷാജൻ സ്‌കറിയ. നിലമ്പൂർ പോലീസ് സ്‌റ്റേഷനിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഒരു കേസിൽ തുടർ നടപടിക്കായി ഹാജരാകുന്നതിനിടെ കൊച്ചിയിൽ നിന്നെത്തിയ പോലീസ് സംഘം മറ്റൊരു കേസിൽ നാടകീയമായി അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു ഷാജന്റെ പ്രതികരണം.
ഇത് പിണറായിസത്തിനെതിരായ പോരാട്ടമാണ്. ആ പോരാട്ടം തുടരും. അവസാനം വരെ തുടരും. തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണിതെന്നും ഷാജൻ സ്‌കറിയ പറഞ്ഞു. അറസ്റ്റ് ചെയ്ത് പുറത്തേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മാദ്ധ്യമങ്ങളോട് ഷാജൻ പ്രതികരിച്ചത്. പോലീസുകാർ ഷാജനെ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും മാദ്ധ്യമപ്രവർത്തകർ പ്രതിഷേധിച്ചു. പറയാനുളളത് പറയാൻ അനുവദിക്കണമെന്ന മാദ്ധ്യമപ്രവർത്തകരുടെ നിലപാടിന് ഒടുവിൽ പോലീസ് വഴങ്ങി.
പിണറായിസത്തിന്റെ കാലത്ത് സത്യം പറയാൻ ബുദ്ധിമുട്ടാണെന്ന് ഷാജൻ പറഞ്ഞു. പിണറായിസ്റ്റുകൾ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിച്ചാണ് ഷാജൻ സ്‌കറിയ പോലീസ് വാഹനത്തിൽ കയറിയത്. നിലമ്പൂരിലെത്തിയാണ് ഷാജനെ തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മുൻപാകെ ഹാജരാകണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഷാജൻ ഹാജരായത്.
നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്‌കറിയയുടെ പരാതിയിലായിരുന്നു ഷാജൻ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയായിരുന്നു കേസ്. ഹൈക്കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
ബിഎസ്എൻഎല്ലിന്റെ വ്യാജ ടെലിഫോൺ ബില്ല് നിർമിച്ച് രജിസ്ട്രാർ ഓഫ് കമ്പനീസിന് സമർപ്പിച്ചുവെന്ന പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഇതേ കേസിൽ 10. 30 ന് കോടതി മുൻകൂർ ജാമ്യം പരിഗണിക്കാനിരിക്കെ 10. 20 ഓടെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മറുനാടനെതിരെ വെല്ലുവിളി ഉയർത്തിയ പിവി അൻവർ എംഎൽഎ ഉൾപ്പെടെയുളളവരാണ് അറസ്റ്റിന് പിന്നിലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. നേരത്തെ ഭരണസ്വാധീനം ഉപയോഗിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിൽ ഉൾപ്പെടെ നടത്തിയ റെയ്ഡുകൾ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
Discussion about this post