തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണസദ്യ സ്പീക്കർ എഎൻ ഷംസീറിന് ലഭിക്കാതിരുന്ന സംഭവത്തിൽ കരാറുകാരനെ കണ്ടെത്താൻ കഴിയാതെ അധികൃതർ. സംഭവം വലിയ വാർത്തയായതിന് പിന്നാലെ കരാറുകാരൻ ഫോൺ സ്വിച്ച് ഓഫ് ആക്കി മുങ്ങിയെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് ഓണാഘോഷങ്ങളുടെ ഭാഗമായി സ്പീക്കർ നിയമസഭാ ജീവനക്കാർക്കായി സദ്യ ഒരുക്കിയത്.
കാട്ടാക്കട സ്വദേശിയുടെ നേതൃത്വത്തിലുള്ള കാറ്ററിംഗ് ഏജൻസിയ്ക്കാണ് കരാർ നൽകിയിരുന്നത്. ക്വട്ടേഷൻ വിളിച്ചപ്പോൾ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയപ്പോൾ ഇവർക്ക് നൽകാൻ തീരുമാനിക്കുകയായിരുന്നു. 1300 പേർക്കുള്ള സദ്യ ഒരുക്കണം എന്നായിരുന്നു നിർദ്ദേശം. എന്നാൽ 800 പേർക്കുള്ള സദ്യ മാത്രമാണ് നൽകാനായത്. സ്പീക്കർ എത്തിയപ്പോഴേയ്ക്കും സദ്യ തീർന്നിരുന്നു. 20 ഓളം മിനിറ്റ് ഇലയ്ക്ക് മുൻപിൽ സ്പീക്കർ സദ്യ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലഭിച്ചില്ല. ഇതോടെ മറ്റുള്ളവർക്ക് വിളമ്പിയ പായസവും പഴവും കഴിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു.
ഇത് വലിയ വാർത്തയായി. സംഭവത്തിൽ സ്പീക്കർ അന്വേഷണവും പ്രഖ്യാപിച്ചു. ഇതോടെ കാട്ടാക്കട സ്വദേശി മുങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയമസഭാ സെക്രട്ടറിയ്ക്കാണ് സ്പീക്കർ നിർദ്ദേശം നൽകിയിട്ടുള്ളത്. നിർദ്ദേശത്തെ തുടർന്ന് കാട്ടാക്കട സ്വദേശിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഒാഫ് ആയിരുന്നു. ഇതോടെയാണ് മുങ്ങിയതായി വ്യക്തമായത്.
Discussion about this post